മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ അടങ്ങിയ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുംബൈ പോലീസിലെ ‘എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റ്’ പ്രദീപ് ശർമയെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. പ്രദീപ് ശർമയുടെ മുംബൈ, അന്ധേരിയിലെ വീട്ടിൽ എന്‍ഐഎ ഉദ്യോഗസ്‌ഥർ ഇന്ന് റെയ്‌ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ്.
ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് റെയ്‌ഡ് നടന്നത്. തുടര്‍ന്ന് പ്രദീപ് ശർമയെ അറസ്‌റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിനായി എൻഐഎയുടെ ഓഫിസിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു. അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് വെച്ച കേസിൽ എന്‍ഐഎ അറസ്‌റ്റ് ചെയ്‌ത മുംബൈ പോലീസ് ഉദ്യോഗസ്‌ഥൻ സച്ചിന്‍ വാസെയുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രദീപ് ശർമയെന്നാണ് വിവരം.
അംബാനിയുടെ വസതിക്ക് സമീപം വാഹനത്തിൽ നിന്നും കണ്ടെത്തിയ സ്‌ഫോടക വസ്‌തുക്കൾ പ്രദീപ് ശർമയുടെ ബന്ധങ്ങള്‍ ഉപയോഗിച്ച് വാങ്ങിയതാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇക്കാര്യം നേരത്തെ അറസ്‌റ്റിലായ സച്ചിന്‍ വാസെയുടെ മൊഴിയിൽ പറയുന്നുണ്ട്. കേസിലെ പ്രതികളുമായി പ്രദീപ് ശർമ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മുംബൈ പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റ് ആയിരുന്ന പ്രദീപ് ശർമ, 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാനായി ജോലി രാജിവെച്ചിരുന്നു. എന്നാൽ, ശിവസേന ടിക്കറ്റില്‍ മൽസരിച്ച പ്രദീപ് ശർമ പരാജയപ്പെടുകയാണ് ഉണ്ടായത്.
Most Read: അലോപ്പതിക്കെതിരെ വ്യാജ പ്രചാരണം; രാംദേവിനെതിരെ കേസെടുത്ത് പോലീസ്