റായ്‌പൂർ: കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന അലോപ്പതി മരുന്നകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യോഗ ഗുരു രാംദേവിനെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ചയാണ് ഛത്തീസ്ഗഢിലെ റായ്‌പൂർ പോലീസ് രാംദേവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആശുപത്രി ബോര്‍ഡ് ചെയര്‍മാന്‍ രാകേഷ് ഗുപ്‌ത, റായ്‌പൂർ ഘടകം പ്രസിഡണ്ട് വികാസ് അഗര്‍വാള്‍ എന്നിവര്‍ ബുധനാഴ്ച രാത്രി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് യാദവ് വ്യക്‌തമാക്കി.
ഐപിസി 188, 269, 504 വകുപ്പുകള്‍ പ്രകാരവും 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്‌ഥകള്‍ പ്രകാരവുമാണ് രാമകൃഷ്ണ യാദവ് എന്ന രാംദേവിനെതിരെ കേസെടുത്തത്.
രാംദേവ് കഴിഞ്ഞ ഒരു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവ അംഗീകരിച്ച കോവിഡ് മരുന്നുകള്‍ക്കെതിരെ തെറ്റായ വിവരങ്ങളും ഭീഷണി പ്രസ്‌താവനകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു.
Most Read: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് കേസെടുത്തത് 4261 പേര്‍ക്കെതിരെ