മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മഞ്ചേരിയിൽ നിപ ലക്ഷണങ്ങളോടെ ഒരാൾ നിരീക്ഷണത്തിലാണ്. പനിയും അപസ്‌മാരവുമായാണ് ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ളത്. ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. നിപ സമ്പർക്ക പട്ടികയിലില്ലാത്ത ആളാണ് ഇദ്ദേഹമെന്നാണ് വിവരം.
അതേസമയം, കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ രണ്ടു ആരോഗ്യ പ്രവർത്തകർ നിപ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെയാളുടെ പട്ടികയിൽ 281 പേരും ചികിൽസയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്കത്തിൽ 50 പേരുമാണുള്ളത്.
നിപ ബാധിച്ചു മരിച്ച രണ്ടു പേരുടേയും റൂട്ട് മാപ്പും ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഗസ്‌റ്റ് 30ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട്ട് മാപ്പാണ് ആദ്യം പുറത്തുവിട്ടത്. ഓഗസ്‌റ്റ് 22ന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി- 23ന് തിരുവള്ളൂരിൽ ഒരു കുടുംബചടങ്ങിൽ പങ്കെടുത്തു. 25ന് മുള്ളൂർകുന്ന് ഗ്രാമീൺ ബാങ്കിലും കള്ളാട് ജുമാ മസ്‌ജിദിലുമെത്തി. 26ന് കുറ്റ്യാടിയിലെ ക്ളിനിക്കിൽ ഡോക്‌ടറെ കണ്ടു. 28ന് തൊട്ടിൽപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 29ന് ആംബുലൻസിൽ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. 30ന് മരിച്ചു. എന്നിങ്ങനെയാണ് റൂട്ട് മാപ്പ്.
നിപ ബാധിച്ചു രണ്ടാമത് മരിച്ച ആയഞ്ചേരി സ്വദേശിക്ക് സെപ്‌റ്റംബർ അഞ്ചിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. അന്ന് ഇദ്ദേഹം ബന്ധുവിന്റെ വീട്ടിലെത്തി. ആറാം തീയതി മറ്റൊരു ബന്ധുവീട് സന്ദർശിച്ചു. എട്ടിന് ആയഞ്ചേരിയിലെ ആരോഗ്യ കേന്ദ്രത്തിലെത്തി. അന്ന് തന്നെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെത്തി. അന്നുതന്നെ ഉച്ചയ്‌ക്ക് 12നും ഒരുമണിക്കുമിടയിൽ തട്ടാങ്കോട് മസ്‌ജിദ് സന്ദർശിച്ചു. ഒമ്പതിന് രാവിലെ പത്തിനും 12നുമിടയിൽ വില്യാപ്പള്ളിയിലെ ആരോഗ്യ കേന്ദ്രത്തിൽ പോയി.
പത്തിന് രാവിലെ ഇതേ ആരോഗ്യകേന്ദ്രത്തിലെത്തി. വടകരയിലെ ആരോഗ്യ കേന്ദ്രത്തിലും അന്നേ ദിവസമെത്തി. 11ന് രാവിലെ വടകരയിലെ ഡോക്‌ടർ ജ്യോതി കുമാറിന്റെ ക്ളിനിക്കിലെത്തി. അന്നുതന്നെ വടകര കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും ചികിൽസ തേടി. അവിടെ നിന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് പോയി. അന്ന് തന്നെ മരിച്ചു.
അതിനിടെ, കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ നിപ രോഗബാധ കാരണം കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെട്ട കോളേജുകളിലെ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു. കണ്ടെയ്‌ൻമെന്റ് മേഖലയിലെ താമസക്കാരായ വിദ്യാർഥികൾ ആരോഗ്യവകുപ്പ് നൽകുന്ന രേഖകൾ ഹാജരാക്കുന്നപക്ഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.
Most Read| പ്രത്യേക പാർലമെന്റ് സമ്മേളനം; സർവകക്ഷി യോഗം വിളിച്ചു സർക്കാർ







































