കൊച്ചി: ഓണസമ്മാന വിവാദത്തിൽപെട്ട തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നേക്കും. എന്നാൽ ഇതിൽ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. കഴിഞ്ഞ ദിവസം രാത്രി ഡിസിസി ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഇതോടെ 21 അംഗ യുഡിഎഫില്‍ കോണ്‍ഗ്രസിലെ 16 കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കില്ല. മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാവും. ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലേറിയത്.
43 അംഗ സഭയില്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 17, കോണ്‍ഗ്രസ് വിമതർ അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിന് കേവല ഭൂരിപക്ഷത്തിന് ഒരാളുടെ പിന്തുണ മതിയെങ്കില്‍ എല്‍ഡിഎഫിന് അഞ്ച് പേരുടെ പിന്തുണ വേണം. ഇതില്‍ കോണ്‍ഗ്രസ് വിമതനായ പിസി മനൂപ് എല്‍ഡിഎഫിനൊപ്പമാണ്.
യുഡിഎഫിന് പിന്തുണ നല്‍കിയിട്ടുള്ള നാല് വിമതര്‍ പിന്തുണച്ചാല്‍ മാത്രമെ എല്‍ഡിഎഫിന് പ്രമേയം പാസാക്കാന്‍ സാധിക്കൂ. ലീഗ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പങ്കെടുക്കാതെ വന്നാല്‍ കോറം തികയാതെ വരും.
Read Also: ഹരിത വിവാദം; മുസ്ലിം ലീഗ് നേതൃത്വത്തെ വിമർശിച്ച് എംഎസ്എഫ് നേതാവ്