ന്യൂ ഡെല്‍ഹി: ബാങ്കുകളിലുള്ള കട ബാധ്യതകള്‍ക്ക് ആശ്വാസ കാലാവധി (മൊറൊട്ടോറിയം) വേണമെന്ന ഹരജികളില്‍ സുപ്രീം കോടതിക്ക് അന്തിമ തീരുമാനം എടുക്കാനായില്ല. സെപ്റ്റംബര്‍ 10ന് കോടതി തുടര്‍വാദം കേള്‍ക്കും. എന്നാല്‍ ഇന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ ‘അടുത്ത രണ്ടുമാസം ബലംപ്രയോഗിച്ചുള്ള നടപടികള്‍ പാടില്ലെന്ന്’ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ അന്തിമ തീര്‍പ്പാകും വരെ ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 31നുശേഷം വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊറട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി നിര്‍ദേശിച്ചു. പിഴപ്പലിശയും മൊറട്ടോറിയവും ഒരുമിച്ച് പോകില്ല. മൊറട്ടോറിയം കാലയളവില്‍ പിഴപ്പലിശ വാങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇക്കാര്യം ആര്‍ബിഐ വിശദീകരിക്കണം. എന്നാല്‍, മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ ‘ചര്‍ച്ചകള്‍’ നടന്നു വരികയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ രണ്ടു ഘട്ടമായി അനുവദിച്ച മൊറട്ടോറിയം ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. ആകെ ആറു മാസമാണ് മൊറൊട്ടോറിയം ലഭ്യമായത്.
ബാങ്ക് ലോണുകള്‍ക്കുള്ള മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്ക് നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. അവ്യക്തത നില നില്ക്കുന്ന അറിയിപ്പാണ് കേന്ദ്രം കോടതിയില്‍ നല്‍കിയിട്ടുള്ളത്. മൊറട്ടോറിയം വിഷയത്തില്‍ ‘ദേശീയ ദുരന്ത നിവാരണ-നിയന്ത്രണ നിയമം’ കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും പല നിലയിലുള്ള അധികാരം നല്‍കുന്നുണ്ട്. ആ അധികാരം ഉപയോഗിച്ച് മൊറട്ടോറിയം ഏത് രീതിയില്‍ വേണമെങ്കിലും നീട്ടി നല്‍കാവുന്നതാണ്. അത് ചെയ്യാതെ, കേന്ദ്രം സുപ്രീം കോടതി വഴി നീങ്ങുകയാണ് ചെയ്യുന്നത്.
Related: വൻകിട ബിസിനസുകാർക്ക് നികുതിയിളവ്, സാധാരണക്കാർക്ക് എന്തുകൊണ്ട് നൽകുന്നില്ല?- രാഹുൽ
അത് കൊണ്ട് തന്നെ, കോവിഡ് കാലത്ത് ‘ആശ്വാസം’ എന്ന പേരില്‍ അവതരിപ്പിച്ച മൊറൊട്ടോറിയം പിഴപ്പലിശയിലൂടെ കൊള്ള ലാഭം ഉണ്ടാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കാനുള്ള ഗൂഢ നീക്കമായിരുന്നോ എന്ന സംശയം ബലപ്പെടുന്നതായി സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പടെ പലരും ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.