കമ്പനികള്‍ക്ക് 1.6 ലക്ഷം കോടി തിരിച്ചടക്കാന്‍ 10വര്‍ഷ സാവകാശം; പൊതുജനത്തിന്റെ സാവകാശം തീരുമാനമായില്ല

By Esahaque Eswaramangalam, Chief Editor
  • Follow author on
Corporate freedom _Malabar News
Representational Image
Ajwa Travels

നമ്മുടെ ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്ന 1.6 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് കുടിശിക അടച്ചു തീര്‍ക്കാന്‍ കോടതി, മൊബൈല്‍ കമ്പനികള്‍ക്ക് 10 വര്‍ഷ സമയം അനുവദിച്ചു.

എന്നാല്‍, പൊതുജനം വീടുകള്‍ വാങ്ങാനോ മക്കളുടെ വിദ്യഭ്യാസത്തിനോ വാഹനങ്ങള്‍ വാങ്ങാനോ കാര്‍ഷിക ആവശ്യത്തിനോ വാങ്ങിയ ലോണുകളുടെ കാര്യത്തിലും ഗതികേട് കൊണ്ട് പണയം വെച്ച നമ്മുടെ ആകെ സമ്പാദ്യമായ സ്വര്‍ണ്ണപ്പണയ വായ്‌പയുടെ പലിശ കുറക്കുന്നത് സംബന്ധിച്ച വിഷയത്തിലും സമയം നീട്ടി നല്‍കാന്‍ കഴിയുമോ ? ഇല്ലയോ ? മൊറട്ടോറിയം ബാധകമാകുമോ ? ഈ കാലയളവിലെ പലിശ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ ? മൊറട്ടോറിയം നീട്ടുന്ന കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ? മാനുഷ്യകവും സാമൂഹികവുമായ ഈ വിഷയങ്ങളിലൊന്നും പരിഹാരം കാണാന്‍ ഇത് വരെ കേന്ദ്ര സര്‍ക്കാരിനോ മറ്റു ഭരണകൂട സംവിധാനങ്ങള്‍ക്കോ സാധിച്ചിട്ടില്ല! അതാണ് നമ്മുടെ സിസ്‌റ്റം.

വോഡാഫോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ കുടിശിക അടച്ചുതീര്‍ക്കാന്‍ 15 വര്‍ഷ കാലാവധി അനുവദിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ 20 വര്‍ഷം വരെ സമയം അനുവദിക്കാന്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ കഴിഞ്ഞ മാര്‍ച്ചില്‍ അറിയിച്ചിരുന്നു. അവസാനം, ടെലികോം കമ്പനികള്‍ക്ക് യാഥാര്‍ത്ഥത്തില്‍ ആവശ്യമുണ്ടായിരുന്ന 10 വര്‍ഷം കോടതിയില്‍ നിന്ന് 2020 സെപ്റ്റംബര്‍ 1-ന് അനുവദിച്ചു കിട്ടുകയും ചെയ്‌തു!! ഇതാണ് നമ്മുടെ സിസ്‌റ്റം.

ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഇന്നത്തെ വിധിയനുസരിച്ച് ഈ കുടിശ്ശിക 2031 മാര്‍ച്ചിനകം ഗഡുക്കളായി അടച്ചു തീര്‍ത്താല്‍ മതിയാകും. ആകെ 1.6 ലക്ഷം കോടി രൂപയാണ് ടെലികോം കമ്പനികള്‍ നമ്മുടെ ഖജനാവിലേക്ക് അടക്കാനുള്ളത്. വോഡഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസ് എന്നിവര്‍ ഉള്‍പ്പെടുന്ന 15 കമ്പനികള്‍ വിവിധ നിലയില്‍ സര്‍ക്കാരിലേക്ക് അടക്കാനുള്ള കുടിശ്ശികയാണിത്. കേരള സംസ്ഥാനത്തിന്റെ രണ്ട് വര്‍ഷത്തെ ആകെ നികുതി വരുമാനത്തോളം വരുന്നതാണ് ഈ തുക. വിധിയിലാണെങ്കില്‍ അവ്യക്‌തതകൾ ബാക്കിയും.

കുടിശിക തീര്‍ക്കാന്‍ സുപ്രീംകോടതി അനുവദിച്ച, ഈ പത്തു വര്‍ഷത്തിനകം ഡയറക്റ്റർമാർക്ക് മാറാമോ? രാജ്യം വിട്ടു പോകാമോ ? ഷെയര്‍ വില്‍ക്കാന്‍ പാടുണ്ടോ? കമ്പനികള്‍ നിറുത്തലാക്കിയാല്‍ എങ്ങിനെ ഈ തുക ഈടാക്കാം? തിരിച്ചടവില്‍ വീഴ്‌ച വരുത്തിയാല്‍ പിഴ എത്ര ശതമാനം നല്‍കേണ്ടിവരും എന്നിങ്ങനെ സുവ്യക്തമാകേണ്ട പല ചോദ്യങ്ങള്‍ക്കും ഇനിയും ഉത്തരം വ്യക്‌തമല്ല.

കോവിഡ് 19 അതിന്റെ തേരോട്ടം ശക്‌തമാക്കിയ സമയത്ത് രാജ്യം നടത്തിയ അനേകം ഇടപാടുകളില്‍ മറ്റൊന്നായിരുന്നു; 68,000 കോടിയുടെ എഴുതിത്തള്ളല്‍. തിരിച്ചടവ് മനഃപൂര്‍വം മുടക്കിയ 50 കമ്പനികളുടെ 68,000 കോടിയിലേറെ വായ്‌പയാണ് കോവിഡ് മറവില്‍ നാം വേണ്ടെന്നുവച്ചത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘നിര്‍ദ്ദേശം’ അനുസരിച്ച്, മെഹുല്‍ ചോക്‌സി, വിജയ് മല്ല്യ, നീരവ് മോദി,സന്ദീപ്-സഞ്ജയ് ജുജുന്‍വാലകള്‍, ജതിന്‍ മെഹ്ത, രാംദേവ് ഉള്‍പ്പെടെയുള്ള വ്യക്‌തികളുടെ 50 കമ്പനികള്‍ക്കായി നടത്തിയ ഈ മഹാ നൻമ നാം കാണാതെ പോകരുത്. സഹായം അര്‍ഹിക്കുന്ന ഇവരുടെയൊക്കെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനും കൂടിയാണല്ലോ നാം, കുടിക്കുന്ന വെള്ളത്തിനും കഴിക്കുന്ന ഭക്ഷണത്തിനും വാങ്ങുന്ന മരുന്നിനും ഉപയോഗിക്കുന്ന ഇന്ധനത്തിനും ചെയ്യുന്ന യാത്രക്കും ഉള്‍പ്പടെ എന്തിനും ഏതിനും 28% ശതമാനം വരെ നികുതി നല്‍കുന്നത്.

2014 മുതല്‍ കിട്ടാക്കടം എഴുതിത്തള്ളല്‍ നമുക്ക് അപരിചിതമല്ല. അതിലെ കോടികളുടെ കണക്ക് എത്രയാണെന്ന് പോലും നാമോര്‍ക്കാറുമില്ല. അതന്വേഷിക്കാന്‍ നമുക്ക് സമയവുമില്ല. കാരണം അത് നമ്മുടെ ‘വൈകാരിക’ വിഷയങ്ങള്‍ അല്ലല്ലോ. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലോണുകള്‍ എഴുതിത്തള്ളിയത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെയാണ്.

2019 ഏപ്രില്‍ മാസം വരെ മാത്രം 5, 55, 603 ലക്ഷം കോടിയുടെ കിട്ടാക്കടങ്ങളാണ് ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഇന്ത്യാ മഹാ രാജ്യത്തിലെ, ഏകദേശം 140 കോടിയോളം വരുന്ന ജനത ഒരു വര്‍ഷം വിവിധ വഴികളില്‍ സര്‍ക്കാരിലേക്ക് അടക്കുന്ന നികുതിയോളം വരുന്ന തുകയാണിത്. നൂറ് കോടിയിലേറെ ലോണെടുത്ത 220 പേരെയും 500 കോടിക്കുമേല്‍ ലോണെടുത്തിരുന്ന 33 പേരെയും എസ്.ബി.ഐ എഴുതിത്തള്ളി രക്ഷിച്ചതും 2019 ലാണ് എന്നതും നമ്മെ ബാധിക്കുന്ന കാര്യമല്ല. കാരണം. നാമല്ലല്ലോ ഇതൊന്നും കൊടുത്തത് ..!?

അതി സമ്പന്നരെ രക്ഷപ്പെടുത്താനുള്ള ഈ വ്യഗ്രത സാധാരണ മനുഷ്യരുടെ കാര്യത്തില്‍ എത്തുമ്പോള്‍ സാങ്കേതിക നൂലാ മാലകളില്‍ കുടുങ്ങിപ്പോകും. അതിനായി ഭരണകൂടവും റിസര്‍വ് ബാങ്കും കോടതികളും ധനകാര്യ സ്‌ഥാപനങ്ങളും നിരത്തുന്ന ന്യായങ്ങള്‍ കണ്ടു നാം അമ്പരക്കും. അവരുടെ നിസ്സഹായതയില്‍ നമുക്ക് വേദന തോന്നും. പിന്നീട് നാം ഇറങ്ങുകയാണ്, ഈ മൂന്നു സിസ്‌റ്റങ്ങളെയും ന്യായീകരിച്ച് സഹായിക്കാന്‍. അതിനായി നാം നമ്മുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകള്‍ മുതല്‍ മൊബൈലില്‍ അഡീഷണല്‍ ഡാറ്റ ചാര്‍ജ് ചെയ്‌ത്‌, വാട്ട് സാപ്പ് സര്‍വ്വകലാശാലകള്‍ നല്‍കുന്ന പോസ്‌റ്റുകൾ ഫോര്‍വേഡ് ചെയ്‌ത്‌ വരെ നാം പരിശ്രമിക്കും; പരിശ്രമിക്കണം, കാരണം ഇവരാണല്ലോ നമ്മുടെ അടുക്കളയിലെ പലവ്യഞ്ജനങ്ങള്‍ മുതല്‍ കുഞ്ഞുങ്ങളുടെ ചികിൽസാ ചിലവ് വരെ എത്തിച്ചു നല്‍കുന്നത്.

പറഞ്ഞു വരുന്നത്; ഒരു കടക്കാരന്, അത്യാവശ്യ സാഹചര്യങ്ങളില്‍ നീതിപൂര്‍വ്വം അനുവദിച്ചു നല്‍കേണ്ട നിയമപരവും മനുഷ്യാവകാശങ്ങളുടെ ഭാഗമായതുമായ കാലാവധി, അതാണ് മൊറട്ടോറിയം അഥവാ സാഹചര്യത്തിന് അനുയോജ്യമായി, ഇളവുകളോടെയുള്ള സാവകാശം അനുവദിക്കല്‍.

ഇത് അനുവദിച്ചു നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കോ സുപ്രീം കോടതിക്കോ സാധ്യമാകുന്നില്ല. അവര്‍ സങ്കീര്‍ണ്ണമായ പ്രശ്‌നത്തിലാണ്. നാമത് മനസിലാക്കണം ദുരിതപൂര്‍ണ്ണമായ ഈ ജീവിത കാലത്ത് മൊറട്ടോറിയം കാലാവധി വീണ്ടും നീട്ടണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോ ഈ നിമിഷം വരെ പ്രതികരിച്ചിട്ടില്ല. കാരണം, നമുക്ക് ലോണ്‍ നല്‍കിയ റിലയന്‍സ് ക്യാപ്പിറ്റല്‍, ബജാജ് ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് മുതല്‍ എല്ലാ ചെറുതും വലുതുമായ കോര്‍പ്പറേറ്റുകള്‍ക്കും വേദനിക്കും. അത് എന്താണ് നാം മനസ്സിലാക്കാത്തത്..? ഇരുപത് വര്‍ഷം പോയിട്ട് ഇരുപത് മാസം പോലും സമയം അനുവദിക്കാന്‍ ഭരണകൂടത്തിനോ റിസര്‍വ് ബാങ്കിനോ കോടതിക്കോ ആകില്ല. വീണ്ടും പറയുകയാണ്, നാം ഇവരുടെ വേദന മാനസ്സിലാക്കണം.

മൊറട്ടോറിയം കാലയളവില്‍ നാം ഗതികേട് കൊണ്ട് അടക്കാതെ പോയ തവണകള്‍ക്ക് ‘പലിശയും’ ‘പിഴപ്പലിശയും’ ഒഴിവാക്കുന്ന കാര്യത്തിലും കൃത്യമായ തീരുമാനം ഇന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ല. നേരെത്തെ പറഞ്ഞ കുത്തകകള്‍ (ക്ഷമിക്കണം) ലാഭേച്ഛയില്ലാതെ നമ്മളെ സേവിക്കുന്നവര്‍ സങ്കീര്‍ണ്ണമായ പ്രശ്‌നത്തിലാണ്. അവരുടെ സങ്കടം സര്‍ക്കാര്‍ (?) മനസ്സിലാക്കണം. പൊതുജനവും മനസ്സിലാക്കണം. മാത്രവുമല്ല; നാമവരുടെ മനോവേദന മറ്റുള്ളവരിലെത്തിക്കാന്‍ നമ്മുടെ സമയം, ധനം, ഊര്‍ജ്ജം എന്നിവയും നിക്ഷേപിക്കണം. കാരണം, സങ്കല്‍പ്പത്തിലുള്ള ‘രാജ രാജ്യം’ ഇവരുടെ കാല്‍പാദങ്ങളിലാണല്ലോ. തീര്‍ച്ചയായും നാമത് മനസ്സിലാക്കണം.

ഏക പ്രശ്‌നം; മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ച ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. മറ്റേതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രിയോ ഏതെങ്കിലും സംസ്‌ഥാനത്തെ പ്രതിപക്ഷ നേതാക്കളോ ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ആര്‍ക്കെങ്കിലും കത്തയച്ചതായി ഇത് ടൈപ്പ് ചെയ്യുന്ന നിമിഷം വരെ ‘ഔദ്യോഗികമായി’ സ്ഥിരീകരിച്ചിട്ടില്ല.

‘ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളും ചെറുകിട വ്യാപാരികളും സാധരണ മനുഷ്യരും കടുത്ത ഞെരുക്കം അനുഭവിക്കുന്ന ഈ സമയത്ത് മൊറട്ടോറിയം തുടരേണ്ടത് അനിവാര്യമാണ്. മൊറട്ടോറിയം കാലയളവില്‍ വന്നു ചേര്‍ന്ന ഭീമമായ പലിശയും ഇത്തരക്കാര്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൊറട്ടോറിയം പരിധി 2020 ഡിസംബര്‍ 31 വരെ നീട്ടി നൽകാൻ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും, പലിശയുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കികൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും’ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മലാ സീതാരാമന് അയച്ച കത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.

പല സംസ്‌ഥാനങ്ങളും കത്തയക്കുന്നത് പോയിട്ട് നിലപാട് പോലും പരസ്യമാക്കിയിട്ടില്ല. അപ്പോഴാണ് പിണറായി വിജയന്‍ ഇമ്മാതിരി പണി ചെയ്യുന്നത്…?! പാറപ്പുറത്ത് കോരനെന്ന തെങ്ങുകയറ്റ തൊഴിലാളിയുടെ, ചെത്തുകാരന്റെ മകന്‍ പിണറായി വിജയനെന്ന കേരള മുഖ്യമന്ത്രിക്ക് സാധാരണ മനുഷ്യരുടെ വേദന മനസ്സിലാകുന്നത് പ്രശ്‌നമാണ്. പിണറായി വിജയന്‍ രാജി വെക്കണം. രാജി വെച്ചേ പറ്റൂ.

മൊറട്ടോറിയം നീട്ടാൻ കപിൽ സിബൽ സുപ്രീം കോടതിയിൽ: ഇവിടെ വായിക്കാം

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE