വയനാട്: മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ വയനാട്ടിലെ കർഷകർ കൂട്ട ജപ്‌തി ഭീഷണിയിൽ. സർഫാസി നിയമപ്രകാരം ജില്ലയിലെ ബാങ്കുകളിൽ നടപടി തുടങ്ങി. എടുത്ത വായ്‌പയുടെ പലമടങ്ങ് അധികം തുകയാണ് ഇപ്പോൾ കർഷകർ തിരിച്ചടക്കേണ്ടത്. ഇല്ലെങ്കിൽ വീട് ഉൾപ്പടെ ജപ്‌തി ചെയ്യുമെന്ന് ബാങ്കുകൾ മുന്നറിയിപ്പ് നൽകി.
2 വർഷത്തെ പ്രളയത്തിന്റെയും തുടർന്നു വന്ന കോവിഡിന്റെയും പശ്‌ചാത്തലത്തിൽ എല്ലാ കാർഷിക വായ്‌പകൾക്കും ഡിസംബർ 31 വരെ സംസ്‌ഥാന സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കാലാവധി കഴിഞ്ഞ ശേഷം വായ്‌പകൾ തിരിച്ചടയ്‌ക്കാത്ത കർഷകർക്കെതിരെയാണ് ബാങ്കുകൾ നടപടി തുടങ്ങിയിരിക്കുന്നത്.
മുള്ളൻകൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടിൽ താമസിക്കുന്ന ജോസഫ് പുഞ്ചക്കര വീടുൾപ്പടെ ഈടുവെച്ച് 20 ലക്ഷം രൂപയാണ് ബത്തേരി കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്ന് വായ്‌പ എടുത്തത്. പശു ഫാം ആരംഭിക്കുകയും കുരുമുളക്, ഇഞ്ചി ഉൾപ്പടെയുള്ള പരമ്പരാഗത കൃഷി വിപുലപ്പെടുത്തുകയും ചെയ്‌തു. പക്ഷേ, 2018ൽ തുടങ്ങിയ പ്രളയവും പിന്നാലെ വന്ന കോവിഡും കൃഷിയെയും കർഷകനെയും തകർത്തു. എന്നിട്ടും ജോസഫ് അഞ്ച് ലക്ഷം രൂപയോളം തിരിച്ചടച്ചിരുന്നു. കുറച്ച് നാൾ മുൻപ് വന്ന അറിയിപ്പ് പ്രകാരം 40 ലക്ഷം രൂപയാണ് ബാങ്കിൽ അടക്കേണ്ടത്. ജപ്‌തിക്കായി പോലീസ് സാന്നിധ്യത്തിൽ സ്‌ഥലം അളന്ന് തിട്ടപ്പെടുത്തുക വരെ ചെയ്‌തുവെന്ന് ജോസഫ് പറയുന്നു.
ജില്ലയിൽ ആകെ പതിനായിരത്തോളം കർഷകർക്ക് ബാങ്കുകളുടെ ജപ്‌തി നോട്ടീസുകൾ ലഭിച്ചതായി കർഷക സംഘടനാ ഭാരവാഹികൾ പറഞ്ഞു. മുള്ളൻകൊല്ലി, പുൽപള്ളി, പൂതാടി പഞ്ചായത്തുകളിൽ മാത്രം രണ്ടായിരത്തിലേറെ ജപ്‌തി നോട്ടിസുകളാണ് ലഭിച്ചത്. പതിനായിരം രൂപ വായ്‌പ എടുത്ത കർഷകർക്ക് പോലും ജപ്‌തി നോട്ടീസ് ലഭിച്ചിട്ടുണ്ട്.
പ്രളയവും കോവിഡും കർഷകർക്ക് കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും വായ്‌പയെടുത്ത കർഷകരുടെ തിരിച്ചടവ് മുടങ്ങി. വിദേശത്തും ഇതര സംസ്‌ഥാനങ്ങളിലും ജോലി ചെയ്‌തിരുന്ന മക്കൾക്ക് കോവിഡ് പ്രതിസന്ധിയിൽ ജോലി ഇല്ലാതായതോടെ എന്ത് ചെയ്യുമെന്നറിയാതെ നട്ടംതിരിയുകയാണ് കർഷകർ.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ജില്ലക്കായി പ്രഖ്യാപിച്ച 7,000 കോടി രൂപയുടെ കാർഷിക പാക്കേജിൽ 1,000 കോടി രൂപ കർഷക കടാശ്വാസത്തിനു നീക്കിവെക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നുണ്ട്. പാക്കേജിൽ നിന്ന് വായ്‌പ കുടിശികയിലേക്ക് തുക മാറ്റിവച്ച് കുടിശിക തീർത്താൽ കർഷകരും ബാങ്ക്, റവന്യു അധികൃതരും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ കഴിയുമെന്നും കർഷക സംഘടനകൾ പറഞ്ഞു.
Also Read: മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിനെതിരെ കുരുക്ക്