തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ഏതൊരു വ്യക്‌തിയേയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് അവകാശമുണ്ട്. അതിനെ മറ്റൊരു തരത്തിൽ കാണാൻ സിപിഎം ശ്രമിക്കുന്നില്ല.
ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൊണ്ട് മാത്രം അയാൾ കുറ്റവാളി ആകുന്നില്ലെന്നും എ വിജയരാഘവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വികസനവും അപവാദവും തമ്മിലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്.
വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കെഎസ്എഫ്ഇ റെയ്‌ഡ് അടഞ്ഞ അദ്ധ്യായമാണ്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്‌തമാക്കിയെന്നും എ വിജയരാഘവൻ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിക്ക് എതിരെയുള്ള ബിജു രമേശിന്റെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും വിജയരാഘവൻ ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിയെ വിലകുറച്ചു കാണുന്ന ചോദ്യത്തിന് മറുപടി പറയാനില്ലെന്ന് അദ്ദേഹം ഇതിനോട് പ്രതികരിച്ചു. ബിജു രമേശിന്റെ എല്ലാ വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ കഴിയില്ലെന്നും വിജരാഘവൻ പറഞ്ഞു.
Read Also: ഡിപ്ളോമാറ്റിക് ബാഗ് വഴി കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തി; കസ്‌റ്റംസ് കണ്ടെത്തൽ