കൊല്ലം: പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കാന്‍ തീരുമാനിച്ചതില്‍ വിശദീകരണവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. തികച്ചും വ്യക്തിപരമായ കാര്യത്തിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നും, എന്നാല്‍ തന്റെ അവധി സംഘടന ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തില്‍ രാഷ്ട്രീയം അവസാനിപ്പിച്ചു എന്നത് അടക്കമുള്ള വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും വ്യക്തിപരം എന്നതില്‍ കവിഞ്ഞ് മറ്റ് വ്യാഖ്യാനങ്ങള്‍ ഒന്നും നല്‍കേണ്ടതില്ലെന്നും ഷിബു ബേബി ജോണ്‍ അറിയിച്ചു. ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ആര്‍എസ്പിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് താന്‍ തള്ളിവിടില്ലെന്നും ആർഎസ്പി പ്രവർത്തകനായി എന്നും ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചവറയിലെ തോല്‍വിയുടെ കാരണം ഇനിയും പഠിക്കേണ്ടതുണ്ടെന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി. ചവറയിലെ ബൂത്തുകളെകുറിച്ച് തനിക്ക് അറിയുന്നത് പോലെ മറ്റാര്‍ക്കും അറിയില്ല. എന്നാല്‍ ഇത്തവണ അരാഷ്ട്രീയ ഘടകങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബാധിച്ചു. അത് സംഭവിക്കരുതാത്ത കാര്യമായിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മറ്റൊരു ഘടകമായി ഷിബു ബേബി ജോണ്‍ ഉയര്‍ത്തിയത് സാമുദായിക വികാരമാണ്. എന്നാല്‍ അത് ദൂരവ്യാപകമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
Read Also: ന്യൂനപക്ഷ ആനുകൂല്യങ്ങൾ; 80:20 അനുപാതം റദ്ദാക്കിയ വിധി നിയമവകുപ്പ് പരിശോധിക്കും








































