കണ്ണൂർ: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂവേലി മുടശേരി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. കണ്ണൂർ വിളക്കോട് സ്വദേശിയായ ഷഫീറാണ് അറസ്‌റ്റിലായത്.
ഇയാളാണ് സവാദിന് കണ്ണൂർ മട്ടന്നൂരിൽ ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്‌ത് കൊടുത്തതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. തലശേരിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്‌ത ശേഷം അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. 13 വർഷം ഒളിവിലായിരുന്ന എറണാകുളം അശമന്നൂർ സവാദ് മട്ടന്നൂരിൽ വെച്ച് കഴിഞ്ഞ മാർച്ചിലാണ് പിടിയിലായത്.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥികളുടെ 2010ലെ ഇന്റേണല്‍ പരീക്ഷയിലെ ചോദ്യപേപ്പറില്‍ മതനിന്ദ ഉണ്ടെന്നാരോപിച്ച് ഒരുപറ്റം ചെറുപ്പക്കാര്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2010 ജൂലൈ നാലിനായിരുന്നു സംഭവം. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായും കോടതി വ്യക്‌തമാക്കിയിരുന്നു.
കുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിന് ആലുവയിൽ നിന്ന് സവാദ് ബെംഗളുരുവിലേക്ക് കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ, 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിലും സവാദിനെ കണ്ടെത്താനായില്ല. പ്രതിയെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കവേയാണ് കണ്ണൂരിൽ നിന്ന് ഇയാൾ പിടിയിലാകുന്നത്. കേരള പോലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ