കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ അറസ്‌റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂർത്തിയാക്കാൻ എൻഐഎ നീക്കം തുടങ്ങി. ഇതിനായി മജിസ്ട്രേറ്റ് കോടതിയിൽ എൻഐഎ അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും.
തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കി സവാദിനെ വേഗത്തിൽ കസ്‌റ്റഡിയിൽ വാങ്ങുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ദേശീയ അന്വേഷണ ഏജൻസിയാണ് കണ്ണൂർ മട്ടന്നൂരിൽ നിന്ന് സവാദിനെ പിടികൂടിയത്. ഈ മാസം 24 വരെ റിമാൻഡിലാണ് സവാദ്. ഇയാളിപ്പോൾ എറണാകുളം സബ് ജയിലിലാണ് തടവിൽ കഴിയുന്നത്.
പ്രതിയുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത രണ്ടു മൊബൈൽ ഫോണുകൾ വിശദമായ ഫൊറൻസിക് പരിശോധന നടത്തും. സവാദിനെ ചോദ്യം ചെയ്‌ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നും എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു.
കേരള പോലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ കഴിഞ്ഞ വർഷം മാർച്ചിൽ പത്ത് പക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 54 പേജുകളുള്ള കേസിൽ മറ്റു പ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥികളുടെ 2010ലെ ഇന്റേണല്‍ പരീക്ഷയിലെ ചോദ്യപേപ്പറില്‍ മതനിന്ദ ഉണ്ടെന്നാരോപിച്ച് ഒരുപറ്റം ചെറുപ്പക്കാര്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2010 ജൂലൈ നാലിനായിരുന്നു സംഭവം. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായും കോടതി വ്യക്‌തമാക്കിയിരുന്നു.
Most Read| ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടി; ഷിൻഡെ വിഭാഗമാണ് യഥാർഥ ശിവസേനയെന്ന് വിധി