തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോർട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ജനുവരി 25ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാർച്ച് 27 വരെ നീളുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു.
ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചർച്ചയാവും. പിന്നീട് ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സമ്മേളനത്തിൽ ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12ന് വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചർച്ച നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ സഭ സമ്മേളിക്കില്ല. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും.
പുതുവർഷത്തിലെ ആദ്യ സഭാ സമ്മേളനമാണ് ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നത്. നവകേരള യാത്രയും പ്രതിഷേധങ്ങളും സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിലേക്ക് വരെയെത്തിയ വിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പാണ്. മുമ്പില്ലാത്ത വിധം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ തുടരുന്ന വാക്പോര് സഭയ്‌ക്കുള്ളിൽ എത്തുമ്പോൾ വീര്യം കൂടുമെന്നാണ് കരുതുന്നത്.
ഗവർണർ- സംസ്‌ഥാന സർക്കാർ ഏറ്റുമുട്ടൽ പാരമ്യത്തിലെത്തി നിൽക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്താൻ വരുന്നത്. പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവർണർ നേരത്തെ തന്നെ വ്യക്‌തമാക്കിയതാണ്. എന്നാൽ, പ്രസംഗത്തിന്റെ കരടിൽ വിശദീകരണം ചോദിച്ചും മുഴുവൻ വായിക്കാതെ വിട്ടുമെല്ലാം സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ രാജ്‌ഭവൻ ശ്രമിച്ചേക്കുമെന്നും കരുതുന്നുണ്ട്. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനങ്ങൾ വരെ പ്രസംഗത്തിൽ ഉൾപ്പെടുത്താനും സാധ്യത ഏറെയാണ്.
Most Read| ഭാരത് ജോഡോ ന്യായ് യാത്ര; ഉൽഘാടന വേദിക്ക് അനുമതി നിഷേധിച്ചു മണിപ്പൂർ സർക്കാർ