തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ അറസ്‌റ്റിലായ ഒന്നാം പ്രതി സവാദിനെ ഈ മാസം 27 വരെ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. പത്ത് ദിവസം കസ്‌റ്റഡിയിൽ വേണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. സവാദിന്റെ തിരിച്ചറിയൽ പരേഡ് ഇന്നലെ സബ് ജയിലിൽ പൂർത്തിയായിരുന്നു. പ്രൊഫ. ടിജെ ജോസഫ് സവാദിനെ തിരിച്ചറിയുകയും ചെയ്‌തിരുന്നു.
എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് ടിജെ ജോസഫ് പ്രതിയെ തിരിച്ചറിഞ്ഞത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സവാദിനെ കഴിഞ്ഞയാഴ്‌ച കണ്ണൂരിൽ നിന്നാണ് എൻഐഎ കസ്‌റ്റഡിയിൽ എടുത്തത്. 13 വർഷമായി ഇയാൾ ഒളിവിലായിരുന്നു. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ചു ആശാരിപ്പണി ചെയ്‌ത് വരുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞു സവാദിനെ പിടികൂടിയത്.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥികളുടെ 2010ലെ ഇന്റേണല്‍ പരീക്ഷയിലെ ചോദ്യപേപ്പറില്‍ മതനിന്ദ ഉണ്ടെന്നാരോപിച്ച് ഒരുപറ്റം ചെറുപ്പക്കാര്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2010 ജൂലൈ നാലിനായിരുന്നു സംഭവം. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായും കോടതി വ്യക്‌തമാക്കിയിരുന്നു.
Most Read| ബിൽക്കീസ് ബാനോ കൂട്ടബലാൽസംഗ കേസ്; പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി