ശബരിമലയിൽ ഇത്തവണയും ഓൺലൈൻ ബുക്കിങ്; ഒറ്റദിവസം 80,000 പേർക്ക് ദർശനം

നിലക്കലിലും എരുമേലിയിലും പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും.

By Senior Reporter, Malabar News
Sabarimala
Ajwa Travels

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോൽസവ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ശബരിമലയിൽ ഇത്തവണയും ഓൺലൈൻ ബുക്കിങ് മാത്രം അനുവദിക്കാൻ യോഗത്തിൽ തീരുമാനമായി. ഒരു ദിവസം പരമാവധി 80,000 പേർക്കാണ് ദർശന സൗകര്യം ഉണ്ടാവുക.

വെർച്വൽ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴി തിരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കും. അതുവഴി തീർഥാടകർക്ക് തിരക്ക് കുറഞ്ഞ വഴി തിരഞ്ഞെടുക്കാനാവും. കാനന പാതയിൽ ഭക്‌തർക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ അതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തി ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കും.

നിലക്കലിലും എരുമേലിയിലും പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും. വിശുദ്ധി സേനാ അംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്‌റ്റ്‌ ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂർത്തിയാക്കും. പ്രണവം ഗസ്‌റ്റ്‌ ഹൗസിന്റെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്.

ദേവസ്വം മന്ത്രി വിഎൻ വാസവൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്‌പെഷൽ സെക്രട്ടറി ടിവി അനുപമ, പത്തനംതിട്ട ജില്ലാ കളക്‌ടർ എസ് പ്രേം കൃഷ്‌ണൻ, ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്, ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്‌ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം, ശബരിമല അവലോകന യോഗത്തിൽ നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ ഒഴിവാക്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് അജിത് കുമാറിനെ ഒഴിവാക്കിയതെന്നാണ് വിവരം. ഇന്നോ നാളെയോ അജിത് കുമാറിനെതിരായ റിപ്പോർട് ഡിജിപി സമർപ്പിക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായാണ് മാറ്റിനിർത്തൽ എന്നാണ് വിവരം.

Most Read| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE