ഓണ്‍ലൈന്‍ മാദ്ധ്യമ പ്രവർത്തനമറവിൽ ബ്‌ളാക്‌മെയിലിങ്‌; പരാതിയുമായി കോംഇന്ത്യ

മാദ്ധ്യമപ്രവർത്തന നിയമങ്ങളോ മാനദണ്ഢങ്ങളോ ധാർമ്മികതയോ പാലിക്കാതെ, ബ്‌ളാക്‌മെയിലിങും പണപ്പിരിവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വാർത്താപോർട്ടലുകൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ കർശനനടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്‌ഥാന പോലീസ് മേധാവിക്കും കോംഇന്ത്യ പരാതി നല്‍കി.

By Desk Reporter, Malabar News
Online Media Misused for Blackmail-ComIndia Complains
Design | Alavudheen Majeed
Ajwa Travels

തിരുവനന്തപുരം: വാർത്താ വെബ്‌സൈറ്റുകളുടെയും ചാനലുകളുടെയും മറവിൽ യാതൊരു അടിസ്‌ഥാനവുമില്ലാതെ പ്രസ്‌കാർഡുകളും വാഹനങ്ങളിലെ പ്രസ്‌ സ്‌റ്റിക്കറുകളും നിർമിച്ച്, മാദ്ധ്യമ പ്രവര്‍ത്തനമറവിൽ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കര്‍ശനനടപടി ആവശ്യപ്പെട്ടാണ് കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോംഇന്ത്യ /ComIndia) മുഖ്യമന്ത്രി, സംസ്‌ഥാന പോലീസ് മേധാവി, ക്രമനമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ക്ക് പരാതിനൽകിയത്.

ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്‌ഥരെ ഉപയോഗിച്ച് അന്വേഷണം നടത്തി വ്യാജന്‍മാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണം എന്നാണ് കേരളത്തിലെ പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്‌സ്‌ ബോഡിയായ കോംഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ വ്യവസ്‌ഥാപിതമായ രീതിയില്‍ അന്തസോടെ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് പോലും അവമതിപ്പുണ്ടാക്കുന്ന വിധമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനമെന്നും ഇത് തടയണമെന്നും കോംഇന്ത്യ പരാതിയില്‍ ആവശ്യപ്പെട്ടുണ്ട്.

നിയമങ്ങളോ മാനദണ്ഢങ്ങളോ ധാർമ്മികതയോ അടിസ്‌ഥാനമാക്കാതെ വഴിവിട്ട ലക്ഷ്യങ്ങൾക്കും തട്ടിപ്പിനുംവേണ്ടി മാത്രം നടത്തുന്ന ഇത്തരം പല ഓണ്‍ലൈന്‍ മാദ്ധ്യങ്ങള്‍ക്ക് പിന്നിൽ ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്‌തികൾവരെ ഉണ്ടെന്നാണ് സംശയമെന്ന് കോംഇന്ത്യ നൽകിയ പരാതിയില്‍ പറയുന്നു. ഇവരില്‍ മിക്കവര്‍ക്കും മാദ്ധ്യമപ്രവര്‍ത്തനത്തില്‍ അക്കാദമിക് പരിജ്‌ഞാനമോ പ്രവര്‍ത്തന പരിചയമോഇല്ല. പലരും വെബ്‌സൈറ്റ് പോലുമില്ലാതെ ഫേസ്ബുക് പേജിലൂടെ വാര്‍ത്ത നല്‍കിയാണ് മാദ്ധ്യമങ്ങളെന്ന പേരില്‍ തട്ടിപ്പ് നടത്തുന്നതെന്നും കോംഇന്ത്യ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇത്തരം മാഫിയാസംഘങ്ങൾ വ്യവസായികള്‍, സംരംഭകര്‍, രാഷ്‌ട്രീയ നേതാക്കള്‍, സാമുദായിക നേതൃത്വങ്ങള്‍ എന്നിവരെയൊക്കെ അവരുടെ ഏതെങ്കിലും ന്യൂനതകള്‍ ചൂണ്ടിക്കാട്ടി സമീപിക്കുകയും അതിന്റെ പേരില്‍ ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്നതായി വ്യാപകമായ ആക്ഷേപങ്ങള്‍ ഉള്ളതായും പരാതിയില്‍ പറയുന്നുണ്ട്.

ഏതെങ്കിലും തരത്തിലുള്ള അഭിമാനക്ഷതം സംഭവിക്കുമോ എന്ന ഭയത്താലും നിയമപ്രശ്‌നങ്ങളിൽ അകപ്പെടുമോയെന്ന ഭയംകാരണവും പലരും ഇത്തരക്കാരുടെ കെണിയില്‍ വീഴുന്നുണ്ട്. പലർക്കും ലക്ഷങ്ങള്‍ നഷ്‍ടമാകുകയും ചെയ്യുന്നുണ്ട്. നാമമാത്ര വായനക്കാര്‍ പോലുമില്ലെങ്കിലും ലക്ഷങ്ങള്‍ വായനക്കാരുണ്ടെന്ന് അവകാശപ്പെടുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഇത്തരക്കാരിൽ ചിലര്‍ ഒത്തുകൂടി സംഘടനകൾ രൂപീകരിച്ച് അതിന്റെ പേരിലും തട്ടിപ്പുകളും കൂട്ടായ പണപ്പിരിവുകളും നടത്തുന്നുണ്ടെന്നും പരാതിയിൽ വിശദീകരിക്കുന്നു.

Comindia Logo-Online Media Misused for Blackmail-ComIndia Complains
Comindia Logo

സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ ഇത്തരം ബ്ളാക്‌മെയിലിങ്ങിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നത് അന്വേഷിച്ചാല്‍ ബോധ്യമാകുന്നതാണെന്നും ഇതുമൂലം അനേകര്‍ക്ക് പണവും സമ്പത്തും നഷ്‌ടമാകുകയും മനക്ളേശവും പ്രതിസന്ധിയും ഉണ്ടാകുകയും ചെയ്‌തിട്ടുണ്ട്‌. ഇതിനു പുറമെ വ്യവസ്‌ഥാപിത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയകളെ സംശയനിഴലിൽ നിറുത്താനും അവർക്ക് മാനക്കേടുണ്ടാക്കാനും ഇത്തരം വ്യാജൻമാർ കാരണമാകുന്നതായും കോംഇന്ത്യയ്‌ക്ക് വേണ്ടി പ്രസിഡണ്ട് സാജ് കുര്യന്‍, സെക്രട്ടറി കെകെ ശ്രീജിത് എന്നിവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഇത്തരം തട്ടിപ്പ് ഓണ്‍ലൈന്‍ മീഡിയകള്‍ക്കെതിരെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള പരാതികള്‍കൂടി ശേഖരിച്ച് ഇവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പൂര്‍വകാല ചരിത്രം ഉള്‍പ്പെടെ പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുകയും ഇത്തരം സ്‌ഥാപനങ്ങളെ നിയന്ത്രിക്കുകയും ചെയ്യണമെന്ന് കോംഇന്ത്യ പരാതിയിൽ കർശനമായി ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയ സംവിധാനം ഉപയോഗിച്ച് നവമാദ്ധ്യമ പ്രവര്‍ത്തകരെന്ന ലേബല്‍ സ്വയം ചാര്‍ത്തി തട്ടിപ്പ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ഇവരിൽ മിക്കവരും മാദ്ധ്യമപ്രവര്‍ത്തനത്തില്‍ അക്കാദമിക് പരിജ്‌ഞാനമോ പ്രവര്‍ത്തനപരിചയമോ നേടാത്ത വ്‌ളോഗര്‍മാരാണ്. ഇവർ ‘മീഡിയ’ എന്ന വിശേഷണം സ്വയം ചാര്‍ത്തിയെടുക്കുകയും പ്രസ്‌കാർഡുകൾ ഉൾപ്പടെയുള്ള മാദ്ധ്യമസൗകര്യങ്ങൾ ദുരുപയോഗം ചെയ്യുകയും ആണെന്നും പരാതിയിൽ പറയുന്നു.

ഇത്തരം തട്ടിപ്പ് ഓണ്‍ലൈന്‍ സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുംവരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കോംഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. ഫെബ്രുവരി 20നു എറണാകുളത്ത് ചേര്‍ന്ന കോംഇന്ത്യയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് നവമാദ്ധ്യമ ലോകത്തെ നിര്‍ണായകമായ ഇടപെടലിന് തീരുമാനം കൈക്കൊണ്ടത്.

സംസ്‌ഥാന ട്രഷര്‍ കെകെ ബിജ്‌നുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് സാജ് കുര്യന്‍, സെക്രട്ടറി കെകെ ശ്രീജിത്, മുന്‍ പ്രസിഡണ്ടും കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവുമായ വിന്‍സെന്റ് നെല്ലിക്കുന്നേല്‍, ഷാജൻ സ്‌കറിയ, ആര്‍ രതീഷ്, സോയിമോൻ എന്നിവരും യോഗത്തിൽ പെങ്കെടുത്ത് സംസാരിച്ചു.

MOST READ | ഇറാനുമായി ആണവ കരാർ; ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE