പാറ്റ്ന: ബിഹാര്‍ നിയമസഭയിൽ പ്രതിപക്ഷ എംഎല്‍എമാർക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു വെന്നാണ് തേജസ്വി യാദവിന്റെ പ്രതികരണം.
‘നിതീഷിന്റെ സ്വേച്ഛാധിപത്യം അദ്ദേഹത്തിന്റെ പൊലീസ് സേനയിലേക്കും കടന്ന് വന്നിരിക്കുന്നു! യാതൊരു ആക്രമവും നടത്താതെ അവര്‍ കല്ലെടുത്തെറിയാനും ലാത്തി ചാര്‍ജ് നടത്താനും തുടങ്ങി. പ്രതിഷേധക്കാര്‍ സമാധാനപരമായി മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നു. മുഖ്യമന്ത്രീ, നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു. ഓരോ തെറ്റിനും നിങ്ങള്‍ എണ്ണിയെണ്ണി ഉത്തരം പറയേണ്ടി വരും,’ തേജസ്വി യാദവ് പറഞ്ഞു.
തേജസ്വിക്ക് പുറമെ പ്രിയങ്കാ ചതുര്‍വേദി, ലാലു പ്രസാദ് യാദവ് തുടങ്ങി നിരവധി പേര്‍ വിഷയത്തിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ബിഹാര്‍ മിലിറ്ററി പോലീസിനെ കൂടുതൽ ശക്‌തിപ്പെടുത്തുന്നതിനായി കൊണ്ടുവന്ന പുതിയ സായുധ പോലീസ് ബില്ലിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. പുതിയ പോലീസ് നിയമം കരിനിയമമാണെന്നും പിൻവലിക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സ്‌പീക്കറുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച എംഎല്‍എമാരെ പാറ്റ്ന എസ്‌എസ്‌പി ഉപേന്ദ്ര കുമാർ ശർമ ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. പിൻമാറാൻ തയ്യാറാകാതെ ഇരുന്നതിനെ തുടർന്നാണ് എംഎൽഎമാരെ മർദ്ദിച്ചത്.
Read also: ബിഹാർ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർക്ക് മർദ്ദനം; പ്രതിഷേധം