തിരുവനന്തപുരം: വയനാട്ടിൽ പ്രിയങ്കാ തരംഗം. വ്യക്‌തമായ ലീഡുയർത്തി യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. പാലക്കാട് യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറ്റം കാഴ്‌ചവെച്ചെങ്കിലും ബിജെപി ലീഡ് തിരിച്ചു പിടിച്ചിരിക്കുകയാണ്. ചേലക്കരയിൽ എൽഡിഎഫ് സ്‌ഥാനാർഥി യുആർ പ്രദീപ് മുന്നിലാണ്.
ചേലക്കരയിൽ പ്രദീപിന്റെ ഭൂരിപക്ഷം എണ്ണായിരത്തിലേക്ക് കടന്നു. ഇതോടെ എൽഡിഎഫ് ക്യാമ്പുകളിൽ പായസ വിതരണവും തുടങ്ങി. നിലവിൽ പാലക്കാട് മാത്രമാണ് ലീഡ് നില മാറിമറയുന്നത്. വയനാട്ടിൽ പ്രിയങ്കയും ചേലക്കരയിൽ പ്രദീപും തുടക്കം മുതൽ ലീഡ് നിലനിർത്തിയിരുന്നു.
പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോൺഗ്രസ് വിട്ട് വന്ന പി സരിനിലൂടെ ഏറെക്കാലത്തിന് ശേഷം മണ്ഡലം പിടിക്കാമെന്ന് എൽഡിഎഫും കണക്കുകൂട്ടുന്നു. നേമത്തിന് ശേഷം കൃഷ്‌ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ.
ചേലക്കരയിൽ രമ്യ ഹരിദാസ് മണ്ഡലം പിടിച്ചെടുക്കുമെന്ന് യുഡിഎഫ് വിശ്വസിക്കുമ്പോൾ യുആർ പ്രദീപ് മണ്ഡലം നിലനിർത്തുമെന്ന് എൽഡിഎഫ് പറയുന്നു. കെ ബാലകൃഷ്‌ണനാണ് എൻഡിഎ സ്‌ഥാനാർഥി.
വയനാട്ടിൽ പ്രിയങ്കയുടെ ഭൂരിപക്ഷം നാലുലക്ഷം കടക്കുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം. സത്യൻ മൊകേരിയുടെ മണ്ഡലം പിടിച്ചെടുക്കാമെന്ന് എൽഡിഎഫും കണക്കുകൂട്ടുന്നു. വാശിയേറിയ മൽസരം കാഴ്‌ചവെക്കാനാകുമെന്നാണ് ബിജെപിയുടെയും പ്രതീക്ഷ. നവ്യ ഹരിദാസാണ് ബിജെപി സ്‌ഥാനാർഥി.
Most Read| കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി








































