തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിൽ നിയമസഭയിൽ ചർച്ച തുടങ്ങി. ഉച്ചക്ക് ഒരുമണിക്ക് തുടങ്ങിയ ചർച്ചയിൽ പിസി വിഷ്ണുനാഥ് പ്രമേയം അവതരിപ്പിച്ചു തുടങ്ങി. ലോകസമാധാനത്തിന് രണ്ട് കോടിയും ജനങ്ങളുടെ സമാധാനം കളയാൻ 2000 കോടിയും. കമ്മീഷൻ അടിക്കാനുള്ള പദ്ധതിയാണ് കെ റെയിൽ. ഇവിടെ കെ റെയിൽ വേണ്ട കേരളം മതിയെന്നും പിസി വിഷ്ണുനാഥ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
സിൽവർ ലൈൻ സർവേക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ പോലീസ് ഹീനമായി നേരിടുകയാണ്. കേരള പോലീസ് ആറാടുകയാണെന്നും, കേരള പോലീസല്ല ഇത് കെ ഗുണ്ടകളാണെന്നും അദ്ദേഹം വിമർശിച്ചു. കുട്ടികളുടെ കരച്ചിലിനപ്പുറം എന്ത് സാമൂഹിക പഠനമാണ് ഇവിടെ വേണ്ടത്. ജനാതിപത്യ വിരുദ്ധ ഫാസിസമാണ് ഇവിടെ നടക്കുന്നത്. സർക്കാരിന്റെ ഭരണ പരാജയം മറച്ചുവെക്കാനുള്ള പൊങ്ങച്ച പദ്ധതിയാണ് സിൽവർ ലൈൻ എന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
പരിസ്ഥിതിയെ സംരക്ഷിക്കുന്ന നവകേരളത്തിന്റെ ഭാഗമാണോ ഈ പദ്ധതി. സാങ്കേതികവിദ്യ തീരുമാനിക്കുന്നതിൽ പോലും സർക്കാരിനോ റെയിൽവേക്കോ പങ്കില്ലാത്ത ഈ പദ്ധതിയെ ഞങ്ങൾ എന്തിന് പിന്തുണക്കണം. റീബിൾഡ് കേരളക്ക് കിട്ടിയ പണം പോലും വകമാറ്റിയ സർക്കാരാണിത്. 2000 കോടിയിൽ നിന്ന് കമ്മീഷൻ അടിക്കുന്ന പദ്ധതിയാണിത്. പദ്ധതിക്കെതിരെ പോരാടുന്ന അമ്മമാരുടെ വിജയം കൂടിയാണ് ഈ ചർച്ച. അത് യുഡിഎഫ് നയിക്കുന്ന കേരളത്തിലെ സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ വിജയമെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
Most Read: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ; ഫോക്കസ് ഏരിയയിൽനിന്ന് 70% ചോദ്യങ്ങൾ







































