ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി വിവരങ്ങൾ തേടിയിരുന്നെങ്കിലും ആകെ ഫോൺ നൽകിയത് രണ്ട് പേർ മാത്രം. ഇന്ത്യയിലെ പൗരൻമാരുടെ ഫോണുകളിലോ മറ്റ് ഉപകരണങ്ങളിലോ സംഭരിച്ച ഡാറ്റ ഉപയോഗിക്കാനും വിവരങ്ങൾ ചോർത്താനും പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി വിവരങ്ങൾ ആവശ്യപ്പെട്ടത്.
ഇസ്രയേലി എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്പൈവെയർ തങ്ങളുടെ മൊബൈൽ ഉപകരണങ്ങളെ ബാധിച്ചതായി സംശയിക്കുന്ന പൊതുജനങ്ങൾക്കായി കമ്മിറ്റി 2022 ജനുവരി 2നാണ് ബാധിക്കപ്പെട്ട ഉപകരണവുമായി ഹാജരാകണമെന്ന പൊതു അറിയിപ്പ് പുറപ്പെടുവിച്ചത്. എന്നാൽ, ഒരു മാസത്തിന് ശേഷം, സ്പൈവെയർ നിരീക്ഷണം സംശയിക്കുന്ന രണ്ട് പേർ മാത്രമാണ് അവരുടെ ഉപകരണങ്ങളുമായി പാനലിന് മുന്നിൽ ഹാജരായത്.
രണ്ട് പേരുടെയും ഐഡന്റിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതൽ പേർ എത്താത്തതിനാൽ മൊബൈൽ ഉപകരണത്തിന് പെഗാസസ് സ്പൈവെയർ ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നവർ സാങ്കേതിക സമിതിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ട് വ്യാഴാഴ്ച വീണ്ടും അറിയിപ്പ് നൽകിയിട്ടുണ്ട്. 2022 ഫെബ്രുവരി 8 വരെയാണ് സമിതി പുതിയ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
Read Also: ചന്ദ്രയാൻ-3 വിക്ഷേപണം ഈ വർഷം തന്നെ ഉണ്ടാകും; കേന്ദ്രം