തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാവും ഇതെന്നും ഭരണമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ. ആ പ്രതീക്ഷ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
‘വമ്പിച്ച വിജയപ്രതീക്ഷയുണ്ട്. കേരളമൊട്ടാകെ ഈ അഴിമതി സർക്കാരിനെതിരായി വിധിയെഴുതാൻ പോകുന്ന സന്ദർഭമാണ്. മാത്രമല്ല, ബിജെപിക്ക് കേരളത്തിൽ ഒരിഞ്ച് സ്ഥലം പോലും കേരള ജനത കൊടുക്കില്ലെന്നുകൂടി തെളിയിക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് എതിരായി ജനങ്ങൾ അതിശക്തമായ വികാരം പ്രകടിപ്പിക്കാൻ പോകുന്ന ഒരു കാഴ്ചയാണ് നമ്മൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.’ ചെന്നിത്തല പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടം ഇന്നാണ് ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടക്കുന്നത്.
Read Also: അഗ്രഗേറ്റർ ലൈസൻസിന് പിന്നാലെ നിയമ പരിരക്ഷയും ഏർപ്പെടുത്താൻ കേന്ദ്ര പദ്ധതി







































