തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. കണ്ണൂരിലെ വസതിയിലുള്ള അദ്ദേഹം കുടുംബത്തോടൊപ്പം തലസ്ഥാനത്തേക്ക് യാത്ര തിരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയും മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്ത് എത്തും.
ഇന്ന് 11.30ഓടെയാണ് മുഖ്യമന്ത്രി ഗവർണർക്ക് രാജിക്കത്ത് കൈമാറുക. ശേഷം നാളെ സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേർന്ന് സർക്കാർ രൂപീകരണ ചർച്ചകൾ നടത്തും. ഇതിന് മുന്നോടിയായി കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും.
സമാനതകളില്ലാത്ത നേട്ടമാണ് പിണറായി വിജയൻ എൽഡിഎഫിന് നേടിക്കൊടുത്തത്. പ്രതിസന്ധികളിൽ പതർച്ചയില്ലാതെ ഉറച്ച് നിന്ന ഭരണാധികാരിക്ക് വേണ്ടി ജനം വിധിയെഴുതുകയായിരുന്നു. 100ൽ നിന്ന് ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016ൽ നേടിയതിനേക്കാൾ കരുത്തുറ്റ വിജയമാണ് ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയത്. തിരിച്ചടി നേരിട്ട പല ജില്ലകളിലും ഇടതുമുന്നണി അനായാസം മുന്നേറി. ഇടതുമുന്നണിയിൽ രണ്ടാം കക്ഷിയായ സിപിഐയേക്കാൾ മൂന്നിരട്ടി വ്യത്യാസത്തിലാണ് സിപിഎം വിജയം നേടിയത്.
Also Read: യുഡിഎഫ് തകരുമെന്ന് കരുതേണ്ട; പരാജയത്തിൽ പതറില്ലെന്ന് എംഎം ഹസൻ







































