വയനാട്: വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ കുടുംബം. പുനഃരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.
കോടതി ജില്ലാ കളക്ടറോട് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പരിഗണിക്കാതെ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട് റദ്ദാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പോലീസിന് ക്ളീൻചിറ്റ് നൽകുന്നതായിരുന്നു മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്.
ജലീലിന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വയരക്ഷക്ക് വെടിയുതിർത്ത തണ്ടർബോൾട്ട് നടപടി കുറ്റകൃത്യമായി കാണാനാകില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. വെടിയേറ്റ് വീണ ജലീലിന് വൈദ്യസഹായം നൽകാതിരുന്നതിനേയും മജിസ്റ്റീരിയൽ റിപ്പോർട് ന്യായീകരിച്ചിരുന്നു.
2019 മാർച്ച് ആറിന് വൈത്തിരിയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും ആയുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്നും ഏകപക്ഷീയമായി കൊലപ്പെടുത്തുക ആയിരുന്നുവെന്നും സിപി ജലീലിന്റെ കുടുംബം ആരോപിച്ചിരുന്നു.
Also Read: ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കും








































