പാലക്കാട്: ജില്ലയിൽ ഉണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ നാളെ പാലക്കാട് സർവകക്ഷി യോഗം ചേരും. മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ആണ് സർവകക്ഷി യോഗം നടക്കുക. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ നിരോധനാജ്‌ഞ തുടരുന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്.
നാളെ വൈകിട്ട് 3.30ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
അതേസമയം, ജില്ലയിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. തമിഴ്‌നാട് പോലീസും പാലക്കാട് എത്തിയിട്ടുണ്ട്. കോയമ്പത്തൂർ സിറ്റി പോലീസിന്റെ മൂന്ന് കമ്പനി ഉൾപ്പടെ 900 പോലീസുകാരാണ് പാലക്കാട് എത്തുക. മൂന്ന് ദിവസത്തേക്കാണ് തമിഴ്‌നാട് പോലീസിന്റെ സുരക്ഷാ വിന്യാസം.
സംസ്‌ഥാനത്തെയാകെ നടുക്കിക്കൊണ്ട് രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാലക്കാട് നടന്നത്. വിഷുദിനത്തിലാണ് ജില്ലയിൽ എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയത്. പാലക്കാട് കസബ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉച്ചയോടെയായിരുന്നു കൊലപാതകം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്‌ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്‌ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡണ്ടായിരുന്നു കൊല്ലപ്പെട്ട സുബൈർ.
ഇന്നലെ ഉച്ചയോടെയായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വച്ചായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലെത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.
Most Read: വധഗൂഢാലോചന കേസ്; സായ് ശങ്കറിന് നോട്ടീസ്, മൊഴി നാളെ രേഖപ്പെടുത്തും







































