മലപ്പുറം: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച ഉപാധികൾ കോൺഗ്രസ് തള്ളിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അൻവർ രംഗത്ത്. പാലക്കാട് കോൺഗ്രസ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ തോൽവി ഉറപ്പായതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തനിക്കെതിരെ തിരിയാൻ കാരണമെന്ന് പിവി അൻവർ വ്യക്‌തമാക്കി.
പ്രകോപിപ്പിച്ച് എന്തെങ്കിലും പറയിപ്പിച്ച് ബിജെപി വിജയത്തിന്റെ പാപഭാരം തനിക്കുമേൽ ആരോപിക്കാനാണ് സതീശന്റെ ശ്രമം. എനിക്ക് സതീശന്റെ അത്ര ബുദ്ധിയില്ല, എന്നാൽ അത്ര പൊട്ടനുമല്ല. അദ്ദേഹം പഠിച്ചതിനേക്കാൾ വലിയ രാഷ്‌ട്രീയ കളികൾ പഠിച്ചും കളിച്ചുമാണ് ഞാൻ വരുന്നതെന്നും അൻവർ പറഞ്ഞു.
സതീശനുമായി നേരിൽ ചർച്ച നടത്തിയിരുന്നു. തനിക്ക് പറയാനുള്ളത് പറഞ്ഞു. അതിനുള്ള ബുദ്ധിമുട്ട് അവർ അറിയിച്ചു. രാഹുലിനെ സ്വതന്ത്ര സ്‌ഥാനാർഥിയാക്കിയാൽ പിന്തുണക്കാമെന്ന് അറിയിച്ചിരുന്നു. കോൺഗ്രസുമായി ചർച്ച നടക്കുന്നു. കോൺഗ്രസിന്റെ കാര്യം പറയേണ്ടത് കെപിസിസി പ്രസിഡണ്ടാണ്. സതീശൻ വിഡ്‌ഢികളുടെ സ്വർഗത്തിലാണോ? ചേലക്കരയിൽ സുധീറിന് ജനം വോട്ട് ചെയ്യുമെന്നും അതിന് സതീശൻ തന്റെ നെഞ്ചത്തേക്ക് കയറേണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.
നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ചേലക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. ചേലക്കരയിലെ സ്‌ഥാനാർഥി പിൻമാറണമെന്ന ഉപാധിവെച്ചുള്ള ഒരു ചർച്ചയുമില്ലെന്നും സതീശൻ പറഞ്ഞു.
‘രണ്ട് സ്‌ഥാനാർഥിയെയും പിൻവലിക്കാനാണ് അൻവറിനോട് യുഡിഎഫ് ആവശ്യപ്പെട്ടത്. യുഡിഎഫിനോട് അഭ്യർഥിക്കാൻ അൻവർ പറഞ്ഞു. മുന്നണി അഭ്യർഥിച്ചു. അപ്പോൾ അൻവർ പറഞ്ഞത് ചേലക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥിയെ പിൻവലിക്കണമെന്നാണ്. ഇത്തരം തമാശ പറയരുത്. അൻവർ സൗകര്യമുണ്ടെങ്കിൽ ചെയ്‌താൽ മതി. അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ല’- വിഡി സതീശൻ പറഞ്ഞു.
‘രമ്യ ഹരിദാസിനെ മറ്റാനല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്. അൻവറിന് മുന്നിൽ വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. അൻവർ സ്‌ഥാനാർഥിയെ പിൻവലിച്ചാലും ഇല്ലെങ്കിലും യുഡിഎഫിനെ ബാധിക്കില്ല. അൻവർ ഞങ്ങളുടെ കൂട്ടത്തിലുള്ള ആളല്ല. എൽഡിഎഫിൽ ഉണ്ടായിരുന്ന ആളാണ്’- സതീശൻ വ്യക്‌തമാക്കി.
Most Read| ഇന്ത്യ-ചൈന ധാരണ; യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കും