കൊച്ചി: കൊച്ചി നഗരത്തെ ആവേശക്കടലിൽ ഇളക്കിമറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തുറന്ന വാഹനത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് മോദി റോഡ് ഷോ നടത്തി ജനങ്ങളെ അഭിവാദ്യം ചെയ്‌തത്. പൂക്കളെറിഞ്ഞും മുദ്രാവാക്യം വിളിച്ചും റോഡിന്റെ ഇരുവശങ്ങളിലുമായി അണിനിരന്ന ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റു.
മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ ഗസ്‌റ്റ് ഹൗസ് വരെയായിരുന്നു 1.3 കിലോമീറ്റർ നീണ്ടുനിന്ന റോഡ് ഷോ. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് 7.14ന് കൊച്ചി വ്യോമസേനാ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് ഹെലികോപ്റ്ററിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ എത്തിയ മോദി 7.30ഓടെ റോഡ് ഷോ ആരംഭിച്ചു. 8.10ന് ഗസ്‌റ്റ് ഹൗസിലാണ് റോഡ് ഷോ അവസാനിച്ചത്. എറണാകുളം ഗസ്‌റ്റ് ഹൗസിൽ താമസിക്കുന്ന പ്രധാനമന്ത്രി നാളെ രാവിലെ ഗുരുവായൂരിലേക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രവും സന്ദർശിച്ചു ഉച്ചക്ക് 12 മണിയോടെ കൊച്ചിയിൽ തിരിച്ചെത്തും. കൊച്ചിയിൽ മറ്റു രണ്ടു പരിപാടികളിൽ കൂടി പങ്കെടുത്ത ശേഷമാകും ഡെൽഹിയിലേക്ക് മടങ്ങുക.
Most Read| ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം; തൽസ്‌ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം







































