തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് സ്‌പീക്കർ പി ശ്രീരാമ കൃഷ്‌ണൻ. നിയമസഭാ ഹാൾ നവീകരണത്തിൽ അഴിമതി നടന്നെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയുടെ ആരോപണം വളരെ നിർഭാഗ്യകരവും ഖേദകരവുമായി പോയെന്ന് സ്‌പീക്കർ പറയുന്നു.
അടിസ്‌ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്റേത്. നിയമസഭയോ സ്‌പീക്കറോ മറ്റ് ഭരണഘടനാ പദവികളോ വിമർശനത്തിന് വിധേയമാകാൻ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായം തനിക്കില്ല. സമൂഹത്തിന്റെയും രാഷ്‌ട്രീയ പാർട്ടികളുടെയും വിമർശനത്തിന് വിധേയനാകുന്നതിൽ യാതൊരു അസഹിഷ്‌ണുതയുമില്ല. എന്നാൽ, വസ്‌തുതാ വിരുദ്ധമായ ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിൽ ഭരണഘടനാ സ്‌ഥാപനങ്ങളെ വിമർശിക്കാൻ പാടില്ലെന്ന് സ്‌പീക്കർ പറഞ്ഞു.
കഴിഞ്ഞ നാലര വർഷമായി കേരള നിയമസഭയെ രാജ്യത്തെ ഏറ്റവും മികച്ച നിയമസഭയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. ദേശീയ അംഗീകാരം വരെ ലഭിച്ചു. കേരള നിയമസഭയുടെ തീരുമാനങ്ങളെ ഏറെ മതിപ്പോടെയാണ് മറ്റുള്ളവർ നോക്കിക്കാണുന്നതെന്നും സ്‌പീക്കർ വ്യക്‌തമാക്കി.
നിയമ നിർമാണ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്. സഭയിലെ എല്ലാ പ്രവൃത്തികളും സഭാസമിതികളുടെ നേതൃത്വത്തിലാണ്. ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ല. ഇ-വിധാൻ സഭ എന്ന ആശയം കൊണ്ടുവന്നത്. ഊരാളുങ്കലിന് കരാർ നൽകിയത് ഇ–വിധാൻ സഭ ഒരുക്കുന്നതിനാണ്. ഇ–വിധാൻ സഭ നടപ്പാകുമ്പോൾ 40 കോടി രൂപ പ്രതിവർഷം ലാഭമുണ്ടാകുമെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു.
കേരള സഭയുടെ പേരില്‍ ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്‌ട് സൊസൈറ്റി വഴി വന്‍ ധൂര്‍ത്ത് അരങ്ങേറിയെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. നിയമസഭയിലെ ചെലവുകള്‍ പരിശോധിക്കപ്പെടില്ലെന്ന പഴുത് ദുരുപയോഗം ചെയ്‌തെന്നും ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. സ്‌പീക്കറുടെ ഇടപെടലുകളെ കുറിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
National News: പുതിയ പാര്‍ലമെന്റ് മന്ദിരം; ഭൂമീ പൂജയും ശിലാസ്‌ഥാപന ചടങ്ങും ആരംഭിച്ചു