നുണയുടെ പെരുമഴ; വ്യക്‌തിഹത്യ നടത്താൻ ശ്രമം; സ്വപ്‌നയുടെ മൊഴിയിൽ സ്‌പീക്കർ

By News Desk, Malabar News
kerala image_malabar news
P. Sreeramakrishnan
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴിയിൽ വിശദീകരണവുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. മൊഴിയുണ്ടാക്കി വ്യക്‌തിഹത്യ നടത്താൻ ശ്രമിക്കുകയാണ്. ഇതിനെ എല്ലാ തരത്തിലും നേരിടുമെന്നും സ്‌പീക്കർ പറഞ്ഞു. ഫേസ്‌ബുക്കിലൂടെ ആയിരുന്നു സ്‌പീക്കറുടെ പ്രതികരണം.

ഹൈക്കോടതിയില്‍ ഇഡി നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച മൊഴിപകര്‍പ്പിൽ ഗുരുതര ആരോപണമാണ് സ്‍പീക്കർക്കെതിരെ സ്വപ്‌ന ഉന്നയിച്ചിരിക്കുന്നത്. ഡിസംബര്‍ 16ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍വെച്ച് ഇഡി ഡെപ്യൂട്ടി ഡയറക്‌ടർക്ക് മുമ്പാകെ സ്വപ്‍ന നല്‍കിയ മൊഴിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

സ്‍പീക്കർ ദുരുദ്ദേശ്യത്തോടെ തിരുവനന്തപുരം പേട്ടയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തിയെന്നാണ് പ്രധാന ആരോപണം. പേട്ടയിലെ മരുതം അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റിലേക്ക് അദ്ദേഹം വിളിച്ചുവരുത്തി. അത് തന്റെ ഒളിസങ്കേതമാണെന്നാണ് സ്‍പീക്കർ പറഞ്ഞതെന്നും സ്വപ്‍ന പറഞ്ഞു. സരിത്തിനൊപ്പമാണ് താന്‍ സ്‌പീക്കറെ കാണാന്‍ ഫ്‌ളാറ്റിലേക്ക് പോയത്. എന്നാല്‍ അദ്ദേഹത്തിന്റെ താൽപര്യങ്ങള്‍ക്ക് വിസമ്മതിച്ചപ്പോള്‍ മിഡില്‍ ഈസ്‌റ്റ് കോളേജിൽ തനിക്ക് വാഗ്‌ദാനം ചെയ്‌ത ജോലി ഇല്ലാതായെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

മിഡില്‍ ഈസ്‌റ്റ് കോളേജില്‍ ശ്രീരാമകൃഷ്‌ണന്‌ നിക്ഷേപമുണ്ടെന്നും, പേട്ടയിലെ ഫ്‌ളാറ്റ് മറ്റൊരാളുടെ പേരിലാണെങ്കിലും അദ്ദേഹത്തിന്റേതാണെന്നും സ്വപ്‌ന വെളിപ്പെടുത്തി. സ്‍പീക്കർ എല്ലായ്‌പ്പോഴും തന്നോട് അടുത്തിടപഴകാന്‍ ശ്രമിച്ചിരുന്നു. സരിത്തിന് സ്‌പീക്കർ പണമടങ്ങിയ ബാഗ് കൈമാറുന്നതിന് താന്‍ സാക്ഷിയാണെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

അതേസമയം, മൊഴിയെന്ന രൂപത്തിൽ എന്ത് തോന്ന്യവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തിൽ അന്വേഷണ ഏജൻസികൾ തരം താഴുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്ന് സ്‌പീക്കർ തുറന്നടിച്ചു. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ അന്വേഷണ ഏജൻസികൾ കൊടുത്തതെന്ന മട്ടിൽ വ്യാജ പ്രചാരണങ്ങൾ പടച്ചുവിടുകയാണ്. ഇടതുപക്ഷ പ്രസ്‌ഥാനത്തേയും പ്രവർത്തകരെയും താറടിച്ച് കാണിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയുമെന്നും സ്‌പീക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഒരു മാർഗത്തിലും കേരളത്തിൽ പ്രതിപക്ഷത്തിന് അംഗീകാരം ഇല്ലാതിരിക്കെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നുണകളുടെ പെരുമഴ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതിനെയൊക്കെ അതിജീവിച്ചാണ് ഈ പ്രസ്‌ഥാനം നിലനിന്നത്. ഇത്തരം ശ്രമങ്ങളെ അർഹിക്കുന്ന അവജ്‌ഞയോടെ തള്ളിക്കളയണമെന്നും സ്‌പീക്കർ ആവശ്യപ്പെട്ടു.

Also Read: പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്; അന്നം മുടക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE