കോട്ടയം: നട്ടാശേരിയില്‍ നിന്നും പിഴുതെടുത്ത കെ റെയിൽ സർവേ കല്ലുകള്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിന് മുന്നിൽ സ്‌ഥാപിച്ച് പ്രതിഷേധക്കാര്‍. ഒരു കല്ല് സമരക്കാർ മീനച്ചിലാറ്റില്‍ ഒഴുക്കിവിടുകയും ചെയ്‌തു. പ്രതിഷേധം ശക്‌തമായതോടെ കോട്ടയത്തെ സർവേ നടപടികള്‍ താൽകാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
വന്‍ പോലീസ് സന്നാഹത്തോടെയാണ് കല്ല് സ്‌ഥാപിക്കാൻ ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തിയത്. പിന്നാലെ നിരവധി പേര്‍ സംഘടിച്ച് സ്‌ഥലത്തേക്ക് എത്തുകയായിരുന്നു. ഇതിനിടെ എറണാകുളം മാമലയില്‍ കല്ലിടാന്‍ എത്തിയ ഉദ്യോഗസ്‌ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് ഉദ്യോഗസ്‌ഥരെ തടഞ്ഞത്.
ഇതേത്തുടർന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്‌ഥാപിച്ച കല്ലുകള്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ പിഴുതു തോട്ടിലെറിയുകയും ചെയ്‌തു.
അതിനിടെ സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണ്‍ സംബന്ധിച്ച് കെ റെയില്‍ വിശദീകരണം ഇറക്കി. അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ നിന്ന് ഇരുവശത്തേക്കും 10 മീറ്റര്‍ വീതമാണ് ബഫര്‍ സോണ്‍. ഇതില്‍ ആദ്യ അഞ്ച് മീറ്ററില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്. ബാക്കിയുള്ള അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും കെ റെയില്‍ വിശദീകരിക്കുന്നു.
Most Read: ഭവന വായ്‌പ; ഹൗസിങ് കമ്പനികളുമായി കരാറിൽ ഏർപ്പെട്ട് എസ്ബിഐ