തിരുവനന്തപുരം: നാളെ നടക്കേണ്ട പരീക്ഷ ഇന്ന് വൈകീട്ട് റദ്ദാക്കി പിഎസ്‌സി. നാളെ നടത്താൻ നിശ്‌ചയിച്ച മൈക്രോബയോളജി അസി. പ്രഫസർ പരീക്ഷയാണ് ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് റദ്ദാക്കിയത്. ഇതോടെ പരീക്ഷ എഴുതാൻ തലേന്ന് തന്നെ വിവിധയിടങ്ങളിൽ എത്തിയ നിരവധി പേരാണ് കുടുങ്ങിയത്.
അവസാന നിമിഷം പരീക്ഷ റദ്ദാക്കിയതിനെതിരെ ഉദ്യോഗാർഥികൾ രംഗത്തെത്തി. കൊച്ചിയിൽ ഉള്ള നിരവധി പേർക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചത് കോഴിക്കോട്ടാണ്. ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളിൽ നിന്ന് ലീവെടുത്ത് സ്‌ത്രീകൾ ഉൾപ്പടെയുള്ള നിരവധി പേർ ഇന്ന് കോഴിക്കോട് എത്തിയിരുന്നു.
വൈകീട്ട് അഞ്ചുമണിക്ക് ശേഷമാണ് ഇവർക്ക് ലോഗിൻ ചെയ്‌ത് പരിശോധിക്കാൻ സന്ദേശം കിട്ടിയത്. തുടർന്നാണ് പരീക്ഷ മാറ്റിവെച്ചെന്നും പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നുള്ള അറിയിപ്പ് ലഭിച്ചത്. അവസാന നിമിഷം പരീക്ഷ മാറ്റിയതോടെ മടക്കയാത്രയ്‌ക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ ഇന്ന് കോഴിക്കോട് തങ്ങേണ്ട അവസ്‌ഥയാണ് ഉണ്ടായതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
വടക്കൻ ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ വന്നവർ യാത്രയ്‌ക്കിടെ വിവരമറിഞ്ഞ് തിരികെ പോയി. പരീക്ഷയുടെ യോഗ്യതയിൽ മാറ്റം വരുത്തിയതായി ഇന്ന് ചേർന്ന കമ്മീഷൻ യോഗത്തെ സർക്കാർ അറിയിച്ചതിനെ തുടർന്നാണു പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നതെന്നാണ് പിഎസ്‌സിയുടെ വിശദീകരണം. ഉച്ചയ്‌ക്ക് ശേഷമാണ് ഇക്കാര്യം പരീക്ഷാ കൺട്രോളറെ അറിയിച്ചതും പരീക്ഷ റദ്ദാക്കിയതും.
Most Read| കരൂർ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി