തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയുടെ മിനിറ്റ്സ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് കൈമാറി. ഇന്നെങ്കിലും അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് സിപിഒ ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ ഇന്നലെയാണ് നിരാഹാര സമരം ആരംഭിച്ചത്. ശനിയാഴ്ച നടന്ന ചര്‍ച്ചയിലെ ഉറപ്പുകള്‍ ഉത്തരവായി ലഭിക്കും വരെ സമരം തുടരാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. അതേസമയം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇന്ന് നയപരമായ തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.
സിപിഒ ഉദ്യോഗാര്‍ഥികളുടെ സമരവും പുരോഗമിക്കുകയാണ്. ചര്‍ച്ച നടന്നെങ്കിലും സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് സിപിഒ ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. അതേസമയം 43 ദിവസമായി തുടരുന്ന കായിക താരങ്ങളുടെ സമരം താൽകാലികമായി അവസാനിപ്പിച്ചു. നിയമനം പരിഗണിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നാണ് തീരുമാനം.
സംസ്ഥാന ഉപാധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരവും തുടരുകയാണ്. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി സമര പന്തല്‍ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്.
Read Also: ലാവ്ലിൻ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നു; കെ സുരേന്ദ്രന്








































