തിരുവനന്തപുരം : സംസ്‌ഥാനത്ത് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ഇന്ന് വിതരണം ചെയ്യും. 5 വയസിന് താഴെയുള്ള 24,49,222 കുട്ടികൾക്കാണ് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന പോളിയോ മരുന്ന് വിതരണത്തിന്, രാവിലെ 8 മണിക്ക് തിരുവനന്തപുരം വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ തുടക്കം കുറിക്കും.
പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുന്നതിനായി സംസ്‌ഥാനത്ത് ആകെ 24,690 ബൂത്തുകളാണ് സജ്‌ജമാക്കിയിട്ടുള്ളത്. അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്‌റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്‌ഥലങ്ങളിലും ബൂത്തുകള്‍ സ്‌ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും. ഒപ്പം തന്നെ അന്യസംസ്‌ഥാന തൊഴിലാളികൾ താമസിക്കുന്ന സ്‌ഥലങ്ങളിൽ 5 വയസിന് താഴെയുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്കും പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ചെയ്‌തിട്ടുണ്ട്.
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തുള്ളിമരുന്ന് വിതരണം നടത്തുക. പോളിയോ വാക്‌സിനേഷൻ നടക്കുന്ന കേന്ദ്രങ്ങളിൽ എത്തുന്ന ആളുകൾ കർശനമായും സാമൂഹിക അകലം പാലിക്കണമെന്നും, മാസ്‌ക് ധരിക്കണമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ ക്വാറന്റൈനിൽ കഴിയുന്ന കുട്ടികൾക്കും, കോവിഡ് പോസിറ്റീവ് ആയി ചികിൽസയിൽ കഴിയുന്ന കുട്ടികൾക്കും അവരുടെ ക്വാറന്റൈൻ പൂർത്തിയായ ശേഷം ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പോളിയോ വാക്‌സിൻ വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also : ട്രാക്‌ടർ റാലി; 84 പേര്‍ അറസ്‌റ്റില്‍, രജിസ്‌റ്റർ ചെയ്‌തത് 38 കേസുകള്‍