ന്യൂഡെൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനായി ചേർന്ന യോഗത്തിൽ നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി. നേതാക്കൾ അവരുടെ താൽപര്യത്തിന് ആദ്യ പരിഗണന നൽകിയെന്നും പാർട്ടി താൽപര്യം രണ്ടാമതായെന്നുമാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
തിരഞ്ഞെടുപ്പ് തോൽവി പഠിക്കാനായി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഒന്നര മണിക്കൂറോളമാണ് യോഗം നടന്നത്. ആകെയുള്ള 90 സീറ്റുകളിൽ 74 സീറ്റുകളിലും ഭൂപീന്ദർ സിങ് ഹൂഡയുടെ അടുപ്പക്കാർക്ക് സ്‌ഥാനാർഥിത്വം നൽകിയത് തിരിച്ചടിയായെന്നും പാർട്ടി വിലയിരുത്തുന്നു.
മൽസരിച്ച സ്‌ഥാനാർഥികളെ കേൾക്കാനാണ് നിലവിലെ തീരുമാനം. ഹരിയാനയിൽ കനത്ത തോൽവിയാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. ഹരിയാന നിയമസഭയിൽ ഹാട്രിക് ലക്ഷ്യമിടുന്ന ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുമെന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളും. 44 മുതൽ 65 സീറ്റുവരെയാണ് കോൺഗ്രസിന് കണക്കാക്കിയത്. ബിജെപിക്ക് 18 മുതൽ 35 സീറ്റുകൾ വരെയും. എന്നാൽ, ഈ പ്രവചനങ്ങൾ പിഴച്ചു. ബിജെപി മുന്നേറി. ബിജെപിക്ക് 48 സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് 37 സീറ്റുകൾ മാത്രം.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ