തിരുവനന്തപുരം : സംസ്‌ഥാനത്ത് സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാർഥികൾക്ക് സർക്കാർ നൽകിയ വാഗ്‌ദാനം തട്ടിപ്പാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ ഇത് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമാണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷനോട് ആലോചിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന വാഗ്‌ദാനം തികച്ചും തട്ടിപ്പാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
മന്ത്രി എകെ ബാലനുമായി ഇന്ന് നടത്തിയ ചർച്ചയിൽ അനുകൂല നിലപാടുകൾ ഉണ്ടായതിനെ തുടർന്ന് സമരം ചെയ്‌തിരുന്ന എൽജിഎസ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചു. നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി ഉദ്യോഗാർഥികൾക്ക് ഉറപ്പ് നൽകിയത്.
കൂടാതെ നൈറ്റ് വാച്ച്മാൻ തസ്‌തികയുടെ ജോലിസമയം 8 മണിക്കൂർ ആക്കുമെന്നും, കൂടുതൽ വേണ്ടിവരുന്ന ഒഴിവുകൾ നിലവിലെ റാങ്ക് ലിസ്‌റ്റ് ഉപയോഗിച്ച് നികത്തുമെന്നും മന്ത്രി ഇന്ന് നടന്ന ചർച്ചയിൽ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ചർച്ചക്ക് വിളിച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാർഥികളുടെ കാര്യത്തിൽ ഇനിയൊന്നും ചെയ്യാനില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നതോടെ സമരം കൂടുതൽ ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് സിപിഒ ഉദ്യോഗാർഥികൾ.
Read also : താമരശ്ശേരി ബിഷപ്പുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി