തിരുവനന്തപുരം: സംസ്‌ഥാനത്ത് എലിപ്പനി മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക. ഈ വർഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ മാസം ഇതുവരെ 24 മരണവും റിപ്പോർട് ചെയ്‌തു. ജൂണിൽ 18 പേരും ജൂലൈയിൽ 27 പേരും മരിച്ചു. ഈ വർഷം ഇതുവരെ 1936 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 1581 പേർക്ക് രോഗം സംശയിക്കുന്നുമുണ്ട്.
2022ൽ 93 പേരും 2023ൽ 103 പേരുമാണ് രോഗം ബാധിച്ച് മരിച്ചത്. ഇത്തവണ മഴക്കാലപൂർവ ശുചീകരണം വൈകിയതാണ് എലിപ്പനി പടർന്നുപിടിക്കാൻ കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്. മഴക്കാല രോഗങ്ങളിൽ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്‌പൈറോസിസ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങളിൽ ഒന്നുകൂടിയാണ് എലിപ്പനി.
എലി, കന്നുകാലികള്‍, നായ്‌ക്കൾ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെളളവുമായുളള സമ്പര്‍ക്കമാണ് എലിപ്പനിയ്‌ക്ക് കാരണമാകുന്നത്. അതിനാല്‍ മലിനജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്‌തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുക. തൊഴിലെടുക്കുന്നവര്‍ ബൂട്ട്, കൈയ്യുറ തുടങ്ങിയ മുന്‍കരുതലുകളെടുക്കണം.
മലിനജലത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക (ആഴ്‌ചയിൽ ഒരിക്കല്‍ ഡോക്‌സിസൈക്ളിന്‍ (100 മില്ലീ ഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.
Most Read| വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം