അബുദാബി: ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയുടെ പുതിയ ഇളവുകള്‍. ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കും ഇനിമുതല്‍ യുഎഇയിലെത്താം. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ട റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി. ഓഗസ്‌റ്റ് 15 വരെ സമയമുണ്ട്.
ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് സ്‌പുട്‌നിക് ഫൈവ് എന്നീ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പിന്നിട്ട റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വക്‌താവ് ബ്രിഗേഡിയര്‍ കാമിസ് അല്‍ കാബിയാണ് ഇക്കാര്യം പറഞ്ഞത്. ദുബായ് റെസിഡന്‍സ് വിസ ഉള്ളവര്‍ക്കും അബുദാബി എയര്‍പോര്‍ട്ടില്‍ ഇറങ്ങാം എന്ന് എത്തിഹാദ് അറിയിച്ചു.
അബുദാബിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റെയ്‌ൻ ഉണ്ടാകും. ഇവര്‍ നാലാം ദിവസവും പതിനൊന്നാം ദിവസവും പിസിആര്‍ പരിശോധന നടത്തണം. മറ്റ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നവര്‍ക്ക് അവിടെ നിന്ന് എടുത്ത പിസിആര്‍ പരിശോധനാഫലം വരുന്നതുവരെ ക്വാറന്റെയ്‌നിൽ കഴിയണം. പരിശോധനാഫലം 24 മണിക്കൂറിനുള്ളില്‍ ലഭ്യമാകും.
യുഎഇയിലേക്ക് യാത്ര പുറപ്പെടും മുൻപ് തന്നെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഐസിഎ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതോടെ യുഎഇയുടെ വെബ്‌സൈറ്റായ അല്‍ ഹോസന്‍ ആപ്പിൽ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും യാത്രയുടെ വിശദാംശങ്ങളും ലൈവ് ക്യൂആര്‍ കോഡ് എന്നീ വിവരങ്ങള്‍ ലഭ്യമാകുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി വക്‌താവ് ഡോക്‌ടർ നൂറ അല്‍ ഗൈദ് അറിയിച്ചു.
Also Read: അതിർത്തി വഴിയുള്ള ലഹരിക്കടത്ത്; തടയാൻ കൈകോർത്ത് കേരളവും തമിഴ്‌നാടും