കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ടിനുള്ള ശ്രമം നടന്നുവെന്ന് സ്‌ഥിരീകരിച്ച് പ്രിസൈഡിംഗ് ഓഫിസർ. പൊന്നുരുളി 66ആം വാർഡിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി വ്യക്‌തമാക്കി റിപ്പോർട് സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലെടുത്ത പിറവം പാമ്പാക്കുട സ്വദേശി ആൽബിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി.
തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്‌ത്യൻ കോൺവെന്റ് സ്‌കൂൾ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. സ്‌ഥലത്തില്ലാത്ത സഞ്‌ജു ടിഎസ് എന്ന വ്യക്‌തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാൻ ശ്രമിച്ചത്.അതേസമയം, കള്ളവോട്ട് ചെയ്യാനെത്തിയ സഞ്‌ജു ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. വ്യാജ ഐഡി കാർഡ് നിർമിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാനെത്തിയതെന്നും സതീശൻ പറഞ്ഞു.
തൃക്കാക്കരയിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് എൻഡിഎ സ്‌ഥാനാർഥി എഎന്‍ രാധാകൃഷ്‌ണനും ആരോപിച്ചു. സിപിഎം കള്ളവോട്ട് ചെയ്‌താലും എൻഡിഎ വിജയിക്കും. കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്നും എഎൻ രാധാകൃഷ്‌ണൻ ആരോപിച്ചു. തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി തലത്തിൽ രഹസ്യയോഗം ചേർന്നത് ഇതിന് വേണ്ടിയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: സിംഹക്കൂട്ടിൽ കയ്യിട്ട് യുവാവ്; വിരൽ കടിച്ചെടുത്ത് സിംഹം