തദ്ദേശ ഉപതിരഞ്ഞെടുപ്പ്: വിയർത്ത് സിപിഎം; യുഡിഎഫിന് മുന്നേറ്റം

എൽഡിഎഫിന്റെ ഏഴും ബിജെപിയുടെ 2 സീറ്റും യുഡിഎഫ് പിടിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന 29 സീറ്റിൽ യുഡിഎഫ് 15, എൽഡിഎഫ് 12, ബിജെപി രണ്ട്.എന്നതാണ് നില. വിജയങ്ങൾ എൽഡിഎഫ്‌ ജാഗരൂഗമാകാനുള്ള സൂചന നൽകുന്നു. യുഡിഎഫ് നേടിയ വിജയങ്ങൾ ചെറുതല്ലാത്ത ഭരണകൂട എതിർപ്പാണ് പ്രകടമാക്കുന്നത്.

By Central Desk, Malabar News
Kerala By-election_BJP wins CPM seat__Advancement for UDF
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവന്നു. ആലപ്പുഴ ജില്ലയിൽ 5 ഇടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് 3 ഇടത്ത് വിജയവും ഒരിടത്ത് രണ്ടാം സ്‌ഥാനത്തുമായി വ്യക്‌തമായ മുന്നേറ്റം നടത്തി.

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ ബിജെപിയാണ് ജയിച്ചത്. കോൺഗ്രസ്‌ രണ്ടാം സ്‌ഥാനത്തുള്ള ഇവിടെ മൂന്നാം സ്‌ഥാനത്തേക്കാണ് സിപിഎം താഴ്‌ന്നത്‌.

തുടർച്ചയായി യോഗങ്ങൾക്ക് ഹാജരാകാത്ത സിപിഎം അംഗത്തിനെ അയോഗ്യനാക്കിയത് മൂലമാണ് ഈ വാർഡിലെ ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില: ബിജെപി 286, കോൺഗ്രസ് 209, സിപിഎം 164 എന്നിങ്ങനെയാണ്. മുതുകുളം നാലാം വാർഡിൽ യുഡിഎഫാണ് ജയിച്ചത്.

പാണ്ടനാട് ഏഴാം വാർഡിലും യുഡിഎഫിനാണ് ജയം. പാലമേൽ 11ആം വാർഡിലും യുഡിഎഫ് ജയിച്ചു. എഴുപുന്ന നാലാം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. ആലപ്പുഴ ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 5 വാർഡുകളിൽ യുഡിഎഫിന് ഒരു സീറ്റും ഇല്ലായിരുന്നു. ഇപ്പോൾ 3 സീറ്റ് നേടി. പാണ്ടനാട്ട് ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച് തോറ്റു

കോഴിക്കോട് ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡ് അട്ടിമറി ജയത്തോടെ റസീന പൂക്കോട് സ്വന്തമാക്കി.

272 വോട്ടിനാണ് വിജയിച്ചത്. 17 വർഷത്തിനുശേഷമാണ് ഇവിടെ യുഡിഎഫ് ജയിക്കുന്നത്. ജില്ലയിലെ മേലടി ബ്‌ളോക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷനിൽ എൽഡിഎഫിലെ എംഎം.രവീന്ദ്രൻ 158 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

മലപ്പുറം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 31ആം വാർഡായ കൈനോട് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സി ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 362 ആയിരുന്നു. ഇവിടെ കൗൺസിലർ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഇടുക്കിയിൽ കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൻ വാർഡ് യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. പകരത്തിനു പകരുമെന്ന നിലയിൽ ഇളംദേശം ബ്ളോക് വണ്ണപ്പുറം ഡിവിഷൻ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ശാന്തൻപാറ പഞ്ചായത്ത് തൊട്ടിക്കാനത്ത് എൽഡിഎഫ് സീറ്റ് നിലനിർത്തി. കരുണാപുരം പഞ്ചായത്ത് കുഴികണ്ടം വാർഡ് എൽഡിഎഫ് നിലനിർത്തി.

കൊല്ലം ജില്ലയിൽ പേരയം പഞ്ചായത്തിലെ പത്താം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ ലതാകുമാരി നേടിയത് 474, ജൂലിയറ്റ് നെൽസൺ എൽഡിഎഫ് 415, ജലജ കുമാരി ബിജെപി 34, ഗീതാകുമാരി എഎപി 22. ഇവിടെ പൂതക്കുളം ഗ്രാമപഞ്ചായത്ത് കോട്ടുവൻകോണം വാർഡ് ബിജെപി നിലനിർത്തി.

എറണാകുളം ജില്ലയിൽ കീരംപാറ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫിനു പഞ്ചായത്ത് ഭരണം നഷ്ട്ടമാകും. പൂതൃക്ക പഞ്ചായത്തിലും യുഡിഎഫിനാണ് ജയം. പറവൂർ മുനിസിപ്പൽ വാർഡിൽ ബിജെപിയിൽനിന്നു എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു. വടവുകോട് ബ്‌ളോക് പഞ്ചായത്തിൽ കോൺഗ്രസ് വിജയിച്ചു.

തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി നഗരസഭ മിണാലൂർ വാർഡിൽ യുഡിഎഫ് വിജയം. രണ്ടു തവണ സിപിഎം വിജയിച്ച വാർഡാണിത്. സ്‌ഥാനാർഥി ഉദയ ബാലനാണ് വിജയിച്ചത്. എന്നാൽ ഈ വിജയം നഗരസഭ ഭരണത്തെ ബാധിക്കില്ല.

Most Read: തമിഴ്‌നാട്ടിലും ഗവര്‍ണർ മാറ്റം ആവശ്യം; രാഷ്‌ട്രപതിക്ക് നിവേദനം നല്‍കി ഡിഎംകെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE