തമിഴ്‌നാട്ടിലും ഗവര്‍ണർ മാറ്റം ആവശ്യം; രാഷ്‌ട്രപതിക്ക് നിവേദനം നല്‍കി ഡിഎംകെ

ഹിന്ദുമതത്തെ ഉദ്ദേശിച്ച് 'ഇന്ത്യയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഒരു മതത്തെ ആശ്രയിച്ചിരിക്കുന്നു' എന്ന ഗവര്‍ണർ ആര്‍എന്‍ രവിയുടെ പരസ്യ പ്രസ്‌താവനയാണ് മുഖ്യമായും നിവേദനത്തിൽ ചൂണ്ടികാണിക്കുന്നത്.

By Central Desk, Malabar News
change of governor in Tamil Nadu too; DMK petition submitted to the President
ആർഎൻ രവി

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ പദവി വഹിക്കാൻ യോഗ്യതയില്ലാത്തതിനാൽ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയും സഖ്യകക്ഷികളും രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് നിവേദനം നല്‍കി.

ഇന്ത്യയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഒരു മതത്തെ ആശ്രയിച്ചിരിക്കുന്നു എന്ന ഗവര്‍ണറുടെ പരസ്യ പ്രസ്‌താവനയാണ് ഡിഎംകെയും സഖ്യകക്ഷികളും ചോദ്യം ചെയ്യുന്നത്. ഈ പ്രസ്‌താവന ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്നതാണെന്നും രാജ്യം, ഭരണഘടനയെ ആശ്രയിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും നിവേദനത്തില്‍ പറയുന്നു.

സനാതന ധര്‍മ്മത്തെ പുകഴ്‌ത്തുക, തമിഴ് സാഹിത്യത്തിന്റെ രത്‌നമായ തിരുക്കുറലിനെ വര്‍ഗീയവല്‍ക്കരിക്കുക ബില്ലുകള്‍ പാസാക്കാതെ താമസിപ്പിക്കുക, നീറ്റ് പരീക്ഷ ഒഴിവാക്കല്‍ ബില്‍ കൈമാറുന്നതിലെ കാലതാമസം തുടങ്ങിയ വിഷയങ്ങളും ഗവര്‍ണര്‍ക്കെതിരായ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

‘തമിഴ്‌നാട് സര്‍ക്കാരും നിയമസഭയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണറുടെ ഓഫീസ് തടസപ്പെടുത്തുന്ന അതൃപ്‌തി ഞങ്ങൾ രേഖപ്പെടുത്തുന്നു. പരസ്യമായ പോര്‍വിളി ഗവര്‍ണര്‍ നടത്തുകയും സര്‍ക്കാര്‍ നയങ്ങളെ പരസ്യമായി എതിര്‍ക്കുകയും ബില്ലുകളില്‍ അനുമതി നല്‍കാതെ അനാവശ്യമായി കാലതാമസം വരുത്തുകയും ചെയ്യുന്നു. തമിഴ്‌നാട് അസംബ്ളി നിരവധി സുപ്രധാന ബില്ലുകള്‍ പാസാക്കി ഗവര്‍ണറുടെ അനുമതിക്കായി അയച്ചു. സംസ്‌ഥാന നിയമസഭ പാസാക്കിയ ബില്ലുകളുടെ അനുമതി ഗവര്‍ണര്‍ അനാവശ്യമായി വൈകിപ്പിക്കുന്നത് ഞങ്ങള്‍ക്ക് വേദനാജനകമാണ്. ഇത് സംസ്‌ഥാന ഭരണത്തിലും നിയമനിര്‍മാണ സഭയുടെ നടപടികളിലും അനാവശ്യമായി ഇടപെടുന്നതിന് തുല്യമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ജനങ്ങളെ സേവിക്കുന്നതില്‍ നിന്ന് ഇത് തടസപ്പെടുത്തുകയും മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണ്’ -നിവേദനം പറയുന്നു.

‘ആര്‍ട്ടിക്കിള്‍ 156(1) പ്രകാരം ഗവര്‍ണര്‍, രാഷ്‌ട്രപതിയുടെ നിയമന പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍, തമിഴ്‌നാട്‌ ഗവര്‍ണറുടെ സ്‌ഥാനത്ത് നിന്ന് ആര്‍എന്‍ രവിയെ ഉടന്‍ നീക്കം ചെയ്യാനും ഭരണഘടനയുടെ മൂല്യങ്ങളും ബാധ്യതകളും സംരക്ഷിക്കാനും അഭ്യർഥിക്കുന്നതായും നിവേദനത്തിൽ പറയുന്നു.

നാഗാലാൻഡ് ഗവർണറായി പ്രവർത്തിച്ചിട്ടുള്ള ബീഹാർ സ്വദേശി ആർഎൻ രവി 1976 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്‌ഥനായിരുന്നു. ഇന്റലിജൻസ് ബ്യൂറോ സ്‌പെഷൽ ഡയറക്‌ടർ ആയിരിക്കെ 2012ലാണ് വിരമിച്ചത്. 2021 സെപ്റ്റംബറിലാണ് തമിഴ്‌നാട്‌ ഗവർണറായി 71കാരനായ ആർഎൻ രവിയെ നിയമിച്ചത്.

Most Read: ഇലന്തൂരിലെ നരബലി: ഷാഫി കൂടുതല്‍ പേരെ വകവരുത്തിയെന്ന് സൂചനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE