ബെംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ആശങ്കയാകുന്ന തീരുമാനം മുഖ്യമന്ത്രി യെദിയൂരപ്പയുടെ പരിഗണയില്‍ ആണെന്നാണ് സൂചനകള്‍. സ്വകാര്യ സ്ഥാപനങ്ങളിലെ വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികളില്‍ പൂര്‍ണമായും കന്നഡികര്‍ക്കായി മാറ്റിവെക്കാനും വൈദഗ്ധ്യം ആവശ്യമുള്ള ജോലികളില്‍ പ്രഥമ പരിഗണന നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ, വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാക്കും എന്നാണ് പാര്‍ലമെന്ററി കാര്യ മന്ത്രി ജെസി മധുസ്വാമി അറിയിച്ചത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് അദ്ദേഹം പറയുന്നു.
സംസ്ഥാനത്ത് 15 കൊല്ലമായി ജീവിക്കുന്ന, കന്നഡ എഴുതാനും വായിക്കാനും അറിയുന്ന ആര്‍ക്കും കര്‍ണാടകയിലെ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാനുള്ള മുന്‍ഗണയും അവകാശവും ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്വകാര്യ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
മൂന്നു പതിറ്റാണ്ടായി കര്‍ണാടകയില്‍ ഉയരുന്ന പ്രധാന ആവശ്യമാണ് തൊഴില്‍ മേഖലയിലെ 100 ശതമാനം സംവരണം. ഇതിനെ പിന്തുണക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സംസ്ഥാനത്തെ ഐടി മേഖലയിലെ കമ്പനികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മുന്‍പ് സര്‍ക്കാര്‍ ഈ നീക്കം ഉപേക്ഷിച്ചത്.
7 ലക്ഷത്തോളം മലയാളികളാണ് കര്‍ണാടകയില്‍ ഉള്ളത്. ഇവരില്‍ 2 ലക്ഷത്തോളം പേർ ബെംഗളൂരു നഗരത്തിലാണ് കഴിയുന്നത്. സംവരണം നടപ്പിലാക്കാനുള്ള തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തമിഴ്‌നാട്ടിലെയും കേരളത്തിലെയും തൊഴിലാളികളെ ആയിരിക്കും.
Read Also: കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ