ബെംഗളൂരു: അന്തരിച്ച കന്നട നടന് പുനീത് രാജ്കുമാറിന് ആദരമായി ബെംഗളൂരുവിലെ റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പലികെ (ബിബിഎംപി) അറിയിച്ചു. മൈസൂരു റോഡിലെ നായണ്ടഹള്ളി ജംഗ്ഷൻ മുതല്‍ ബന്നാര്‍ഘട്ട റോഡിലെ വേഗ സിറ്റി മാള്‍ വരെയുള്ള റിങ് റോഡിനാണ് ‘ശ്രീ പുനീത് രാജ്കുമാർ റോഡ്’ എന്ന് പേര് നല്‍കുന്നതെന്ന് ബിബിഎംപി പ്രസ്താവനയിൽ അറിയിച്ചു.
2021 ഡിസംബറിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമായത്. ഡിസംബര്‍ 29, 31 തീയതികളില്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഈ കാലയളവില്‍, റോഡിന് ‘ശ്രീ പുനീത് രാജ്കുമാർ റോഡ്’ എന്ന് പേരിടുന്നതിനെ പിന്തുണച്ച് എട്ട് സംഘടനകളിലെ അംഗങ്ങള്‍ എട്ട് പ്രദേശങ്ങളിലെ താമസക്കാരില്‍ നിന്ന് 700ലധികം ഒപ്പുകള്‍ ശേഖരിച്ചു. തുടർന്നാണ് നടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് കന്നഡയിലെ ‘പവർസ്റ്റാർ’ എന്നറിയപ്പെട്ടിരുന്ന പുനീത് രാജ്കുമാർ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഏകദേശം 30ഓളം സിനിമകളിൽ അദ്ദേഹം നായകനായി വേഷമിട്ടിട്ടുണ്ട്. അപ്പു, അഭി, അജയ്, അരസു എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ആരാധകർക്കിടയിൽ ശ്രദ്ധേയനായ പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു.
Most Read: സ്വന്തം കുഞ്ഞല്ലെന്ന് ആരോപിച്ച് രണ്ടര വയസുകാരിയെ പീഡിപ്പിച്ചു; അച്ഛന് ജീവപര്യന്തം






































