തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് മഹോൽസവത്തിന് നാളെ തുടക്കം. വൈകിട്ട് അഞ്ചിന് മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്‌നി പകരും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും നാളെ ചുമതലയേൽക്കും.
മകരവിളക്ക് മഹോൽസവത്തിനായി നാളെ നട തുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്‌ക്ക് ഒരുമണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്‌തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് പോലീസ് അറിയിച്ചു. വൃശ്‌ചിക മാസം ഒന്ന് ശനിയാഴ്‌ച പുലർച്ചെ മൂന്ന് മണിക്കാണ് നട തുറക്കുക.
അതേസമയം, ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാർക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വികെ ബീനാകുമാരി നിർദ്ദേശം നൽകിയത്. 18ആം പടി കയറുമ്പോൾ പോലീസുകാരൻ കരണത്തടിച്ചെന്ന പരാതിയിലാണ് ഉത്തരവ്.
റാന്നി ഡിവൈഎസ്‌പി ജില്ലാ പോലീസ് മേധാവി മുഖാന്തരം സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് ഉദ്യോഗസ്‌ഥനെ വിളിച്ചു വരുത്തിയാണ് മനുഷ്യാവകാശ കമ്മീഷൻ പരാതി പരിഹരിച്ചത്. പരാതിക്കാരന് പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
അയ്യപ്പ ഭക്‌തരെ 18ആം പടി കയറാൻ ഒരുകൈ സഹായിക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഭക്‌തരെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കേൾക്കുന്നത് വിശ്വാസികൾക്ക് ഉൾക്കൊള്ളാനാവില്ല. പരാതിക്കാരന്റെ കരണത്തടിച്ചത് തീർച്ചയായും കൃത്യവിലോപമാണെന്നും ഉത്തരവിൽ പറയുന്നു. പത്തനംതിട്ട സ്വദേശി കിരൺ സുരേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Most Read| സംസ്‌ഥാനത്ത് വ്യാപക മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്