പത്തനംതിട്ട: ശബരിമലയിൽ ഭക്‌തരുടെ വൻ തിരക്ക്. പതിനെട്ടാം പടി കയറാനുള്ള കാത്തുനിൽപ്പ് ആറുമുതൽ ഏഴ് മണിക്കൂർ വരെ നീളുകയാണ്. പുലർച്ചെ പടി കയറാനുള്ള ക്യൂ ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിന് സമീപം വരെ നീണ്ടു. മരക്കൂട്ടം മുതൽ തീർഥാടകരെ തടഞ്ഞു നിർത്തി ചെറു സംഘമായാണ് കടത്തി വിടുന്നത്.
അതേസമയം, അയ്യപ്പ ദർശനം തേടി പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയിൽ എത്തുന്നവർക്ക് പ്രത്യേക പാസ് ഇന്ന് മുതൽ നൽകി തുടങ്ങി. പ്രത്യേക പാസ് നൽകുന്നതിന്റെ ഉൽഘാടനം രാവിലെ ഏഴിന് മുക്കുഴിയിൽ എഡിഎം അരുൺ എസ് നായർ നിർവഹിച്ചു. കിലോമീറ്ററുകൾ നടന്ന് ദർശനത്തിനെത്തുന്ന തീർഥാടകർക്ക് വനം വകുപ്പുമായി സഹകരിച്ചാണ് പ്രത്യേക പാസ് നൽകുന്നത്.
ഇവർക്ക് പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല വഴി പോകണമെന്നുള്ളവർക്ക് ആ വഴിയുമാകാം. ശരംകുത്തി പാത ഒഴിവാക്കി ഇവർക്ക് മരക്കൂട്ടത്തുനിന്ന് ചന്ദ്രാനഗർ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നടപ്പന്തലിൽ ഇവർക്ക് പ്രത്യേക വരി ക്രമീകരിക്കും.
മണ്ഡലകാല തീർഥാടനത്തിന് സമാപ്‌തി കുറിച്ച് 26ന് മണ്ഡലപൂജ നടക്കും. ഉച്ചയ്‌ക്ക് 12നും 12.30നും മധ്യേ അയ്യപ്പ സ്വാമിക്ക് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടക്കും. അന്ന് രാത്രി നട അടയ്‌ക്കും. അന്ന് പുലർച്ചെ 3.30 മുതൽ 11 വരെ മാത്രമാണ് നെയ്യഭിഷേകം. അന്ന് വൈകിട്ട് നാലിനാണ് നട തുറക്കുക. തീർഥാടകരുടെ തിരക്ക് കുറവാണെങ്കിൽ രാത്രി പത്തിന് തിരക്കുണ്ടെങ്കിൽ 11നും നട അടയ്‌ക്കും. മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’