തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് മഹോൽസവ തിരക്ക് പരിഗണിച്ച് ശബരിമല നട ഇന്ന് ഒരുമണിക്കൂർ നേരത്തെ തുറക്കും. വൈകിട്ട് നാലുമണിക്കാകും നട തുറക്കുക. സാധാരണ അഞ്ചുമണിക്കാണ് നട തുറക്കുന്നത്. 30,000 പേരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്‌തിരിക്കുന്നത്.
ഉച്ചയ്‌ക്ക് ഒരുമണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്‌തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് പോലീസ് അറിയിച്ചു. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും ഇന്ന് ചുമതലയേൽക്കും. തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പിഎൻ മഹേഷാണ് നട തുറക്കുക.
മണ്ഡലകാലം പ്രമാണിച്ച് കോട്ടയം പാതയിൽ ശബരിമല സ്‌പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന കാച്ചിഗുഡയിൽ നിന്നുള്ള ശബരിമല സ്‌പെഷ്യൽ ഇന്ന് വൈകിട്ട് 6.50ന് കോട്ടയത്ത് എത്തിച്ചേരും. 06083 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു ട്രെയിൻ ജനുവരി 28 വരെ എല്ലാ ചൊവ്വാഴ്‌ചയും വൈകിട്ട് 6.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എത്തിച്ചേരും.
06084 എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് ട്രെയിൻ ജനുവരി 29 വരെ എല്ലാ ബുധനാഴ്‌ചയും ഉച്ചയ്‌ക്ക് 12.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് എത്തിച്ചേരും. ബെംഗളൂരു ബയ്യനഹള്ളി സ്‌റ്റേഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കുള്ള ശബരിമല സ്‌പെഷ്യൽ കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ചിരുന്നു.
ശബരിമലയിൽ വെർച്വൽ ബുക്കിങ് നടത്തുന്ന ഭക്‌തർക്ക് ഏതെങ്കിലും കാരണവശാൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ബുക്കിങ് റദ്ദാക്കി മറ്റു ഭക്‌തർക്ക് അവസരം ഒരുക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് അറിയിച്ചു. വെർച്വൽ ബുക്കിങ് വഴി 70,000 പേർക്കും സ്‌പോട്ട് ബുക്കിങ്ങിലൂടെ 10,000 പേർക്കുമാണ് ഇക്കുറി പ്രതിദിനം ദർശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. തൽക്കാലം ഇതിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.
Most Read| സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി