തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകളും നടപടികളും തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മുന്നറിയിപ്പോടു കൂടിയ സ്ളിപ്പോ സ്‌റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വിൽക്കുന്നവർക്കെതിരെ സംസ്‌ഥാന വ്യാപകമായി കർശന നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്ത് ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 321 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി. 53 സ്‌ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായി പ്രവർത്തിച്ച 7 സ്‌ഥാപനങ്ങൾ അടപ്പിച്ചു. 62 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഓപ്പറേഷൻ മൽസ്യയുടെ ഭാഗമായി 21 പരിശോധനകളാണ് നടത്തിയത്. 25 മൽസ്യ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. സ്‌ളിപ്പോ സ്‌റ്റിക്കറോ ഇല്ലാത്ത 40 സ്‌ഥാപനങ്ങൾക്കെതിരെ നടപടിയുടെ ഭാഗമായി നോട്ടീസ് നൽകിയെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
അതേസമയം, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകളും നടപടികളും വരും ദിവസങ്ങളിലും തുടരുമെന്നും മന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് ഭക്ഷ്യവിഷബാധാ കേസുകൾ കൂടിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ഭക്ഷണ പാർസലുകളിൽ സ്ളിപ്പിലോ സ്‌റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്‌ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ പ്രസ്‌തുത പാഴ്‌സൽ ഭക്ഷണം കഴിക്കണം എന്നിവയും വ്യക്‌തമായി രേഖപ്പെടുത്തണം എന്ന് ആരോഗ്യവിഭാഗം ഉത്തരവിറക്കിയിരുന്നു.
ഫെബ്രുവരി ഒന്ന് മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. തുടർന്ന് ആരോഗ്യവിഭാഗം സംസ്‌ഥാന വ്യാപകമായി പരിശോധന കർശനമാക്കിയിരുന്നു. പിന്നാലെ സുരക്ഷ ഉറപ്പാക്കാൻ ജീവനക്കാർക്ക് ഹെൽത്ത് കാർഡും നിർബന്ധമാക്കിയിരുന്നു.
ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലേയും ഭക്ഷ്യ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിർബന്ധമാണ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ച് ഹെൽത്ത് കാർഡ് എടുക്കാത്തവർക്ക് എതിരെ ഫെബ്രുവരി 16 മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു.
Most Read: ‘പശു ആലിംഗന ദിനം’; സർക്കുലർ പിൻവലിച്ച് കേന്ദ്രം