റിയാദ്: ഒമ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദി എയർലൈൻസ് കോഴിക്കോട് നിന്നും വീണ്ടും സൗദിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ഡിസംബർ ആദ്യ ആഴ്‌ച മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും റിയാദിലേക്ക് സർവീസുകൾ തുടങ്ങാനാണ് ധാരണയായിരിക്കുന്നത്.
20 ബിസിനസ് ക്ളാസ് സീറ്റുകളും, 160 ഇക്കണോമി സീറ്റുകളുമുള്ള വിമാനമായിരിക്കും കോഴിക്കോടിനും സൗദിക്കുമിടയിൽ പറക്കുക. ബെംഗളൂരു, ചെന്നൈ, മുംബൈ, ഡെൽഹി, ഹൈദരാബാദ്, ലഖ്‌നൗ, തിരുവനന്തപുരം, കൊച്ചി എന്നീ സെക്‌ടറുകളിലേക്ക് സൗദി നിലവിൽ സർവീസ് നടത്തുന്നുണ്ട്.
2015ലാണ് കോഴിക്കോട് നിന്നുള്ള സർവീസ് സൗദി എയർലൈൻസ് അവസാനിപ്പിച്ചത്. കോഴിക്കോട് വിമാനത്താവള ഉപദേശകസമിതി ചെയർമാൻ ഇടി മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിൽ കരിപ്പൂരിൽ സൗദി വിമാനകമ്പനിയുടെ ഉന്നത സംഘവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ തീരുമാനം ഉണ്ടായത്.
സൗദി എയറിന്റെ റീജണൽ ഓപ്പറേഷൻസ് മാനേജർ ആദിൽ മാജിദ് അൽ ഇനാദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതാനും മാസങ്ങൾക്ക് മുൻപും ഇത് സംബന്ധിച്ച് വാർത്തകൾ വന്നിരുന്നു. 2015ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയപ്പോഴാണ് ആദ്യമായി സൗദി എയർലൈൻസ് കരിപ്പൂർ വിട്ടത്.
നവീകരണം പൂർത്തിയായ ശേഷം 2019 അവസാനത്തോടെ വീണ്ടും കരിപ്പൂരിൽ തിരിച്ചെത്തി. എന്നാൽ, 2020 ഓഗസ്‌റ്റ് ഏഴിനുണ്ടായ അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ വീണ്ടും കോഴിക്കോട് സെക്‌ടറിലെ സർവീസ് നിർത്തേണ്ടിവന്നു. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ ഇല്ലാത്തത് മലബാറിലെ പ്രവാസികളെ വലിയരീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!