മുംബൈ: വിലക്കയറ്റ നിരക്ക് മാസങ്ങളായി ഉയർന്ന് നിൽക്കുന്നതിനാൽ ആർബിഐ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശ കൂട്ടി.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വിവിധ കാലയളവിലെ നിക്ഷേപ പലിശയിൽ പത്ത് ബേസിസ് പോയിന്റിന്റെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഒരു വർഷത്തിന് മുകളിൽ രണ്ടുവർഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപ പലിശ അഞ്ച് ശതമാനത്തിൽ നിന്ന് 5.10 ശതമാനമായി. മുതിർന്ന പൗരൻമാരുടെ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.60 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.
എച്ച്ഡിഎഫ്സി
രണ്ടുവർഷം മുതൽ മൂന്നുവർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് എച്ച്ഡിഎഫ്സി ബാങ്ക് 5.20 ശതമാനമാണ് നല്‍കുന്നത്. മൂന്ന് വര്‍ഷം മുതല്‍ നാലുവര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപത്തിനാകട്ടെ 5.40 ശതമാനവുമായി വർധിപ്പിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷത്തിന് മുകളില്‍ പത്ത് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 5.60 ശതമാനവുമാണ് പലിശ. മറ്റ് കാലാവധികളിലുളള നിക്ഷേപത്തിൻമേല് പലിശ നിരക്കില്‍ വര്‍ധന വരുത്തിയിട്ടില്ല. ജനുവരി 12 മുതല്‍ പുതുക്കിയ പലിശ ലഭിക്കും.
കൊടക് മഹീന്ദ്ര ബാങ്ക്
ഏഴു ദിവസംമുതല്‍ 30 ദിവസംവരെയും 31 ദിസവം മുതല്‍ 90 ദിസവംവരെയും 91 ദിസവംമുതല് 120 ദിവസംവരെയുമുള്ള പലിശനിരക്കാണ് ബാങ്ക് പരിഷ്കരിച്ചിരിക്കുന്നത്. യഥാക്രമം 2.50 ശതമാനം 2.75 ശതമാനം, മൂന്ന് ശതമാനം എന്നിങ്ങനെയാണ് നിരക്ക് വർധന. ജനുവരി ആറുമുതലാണ് വര്‍ധന നിലവില്‍വന്നത്.
ഐസിഐസിഐ
സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ഐസിഐസിഐ ഏഴുദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ കഴിഞ്ഞ നവംബര്‍ 16 മുതലാണ് വര്‍ധിപ്പിച്ചത്. 2.5 ശതമാനം മുതല്‍ 5.50 ശതമാനംവരെയാണ് വിവിധ കാലയളവിലെ പലിശ. മുതിര്‍ന്ന പൗരൻമാര്ക്ക് അരശതമാനം പലിശ അധികം ലഭിക്കും.
Also Read: തീവ്രവാദ പ്രവര്‍ത്തനമെന്ന് ആരോപണം; കശ്മീരില്‍ മാദ്ധ്യമ പ്രവര്ത്തകൻ അറസ്റ്റിൽ





































