തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചാം ക്ളാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സ്‌കൂൾ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ബസിന്റെ ബ്രേക്കിന് തകരാറുണ്ടെന്ന ഡ്രൈവറുടെ വാദം മോട്ടോർ വാഹന വകുപ്പ് തള്ളി.
ബസിൽ നടത്തിയ പരിശോധനയിൽ തകരാറില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ബസിന്റെ ബ്രേക്കിന് തകരാർ സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഡ്രൈവർ നിസാമുദ്ദീൻ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു പ്രശ്‌നം ബസിനില്ലെന്ന് എംവിഡിയുടെ പരിശോധനയിൽ വ്യക്‌തമായി.
കൂടാതെ, അപകട സമയത്ത് നിസാമുദ്ദീൻ മൊബൈൽ ഫോൺ ഉപയോഗിച്ചതായും സംശയമുണ്ട്. ബസ് മറിഞ്ഞ അതേസമയം തന്നെ നിസാമുദ്ദീന്റെ വാട്‌സ് ആപ് സ്‌റ്റാറ്റസ് അപ്‌ഡേറ്റായിട്ടുണ്ട്. എന്നാൽ, അപകട സമയത്ത് മൊബൈൽ ഉപയോഗിച്ചിട്ടില്ലെന്നാണ് നിസാമുദ്ദീന്റെ വാദം. സ്‌കൂളിൽ നിന്ന് ഇട്ട സ്‌റ്റാറ്റസ് നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ആ സമയത്ത് അപ്‌ലോഡ് ആയതാകുമെന്നും ഇയാൾ പറയുന്നു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ് നിസാമുദ്ദീൻ. ഇയാളെ അന്വേഷണ സംഘം കൂടുതൽ ചോദ്യം ചെയ്യും. ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് ശ്രീകണ്‌ഠപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്‌ച വൈകിട്ട് നാലുമണിക്കായിരുന്നു അപകടം. ശ്രീകണ്‌ഠപുരം റോഡിൽ വളക്കൈയിൽ കുറുമാത്തൂർ ചിൻമയ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ചെറുക്കള നാഗത്തിന് സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ് രാജേഷാണ് (11) മരിച്ചത്. 18ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു.
ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്‌ഠപുരം- തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിൽ നിന്ന് തെറിച്ചുവീണ നേദ്യയ്‌ക്ക് മുകളിലേക്ക് ബസ് മറിയുകയായിരുന്നു. സംഭവ സ്‌ഥലത്ത് വെച്ചുതന്നെ കുട്ടി മരിച്ചു. ബസിൽ 19 കുട്ടികളും ഡ്രൈവറും ആയയുമാണ് ഉണ്ടായിരുന്നത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’