ന്യൂഡെൽഹി: ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ കോവിഷീൽഡ് വാക്സിന് അനുമതി നൽകണമെന്ന ആവശ്യവുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിസിജിഐക്ക് നിർമാതാക്കൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപിക്കുന്നതിനാലും, ബൂസ്റ്റർ ഡോസ് ആവശ്യം ശക്തമാകുന്നതിനാലും ആണ് ഇപ്പോൾ അനുമതി തേടിയതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി ഇതിനകം ആസ്ട്രസെനക്ക വാക്സിന്റെ ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.
നിലവിൽ ലോകരാജ്യങ്ങളിൽ ഒമൈക്രോൺ വ്യാപിക്കുകയാണ്. ഇതിനോടകം തന്നെ 23 രാജ്യങ്ങളിൽ ഒമൈക്രോൺ സ്ഥിരീകരിച്ചു കഴിഞ്ഞു. വ്യാപനശേഷി കൂടുതലായതിനാൽ തന്നെ ഒമൈക്രോൺ വ്യാപനം തടയുന്നതിനായുള്ള മുൻകരുതലുകൾ ശക്തമാക്കുകയാണ് മിക്ക രാജ്യങ്ങളും.
Read also: മലപ്പുറത്ത് നിന്ന് കേരള, തമിഴ്നാട് ട്രാൻസ്പോർട് സർവീസുകൾ പുനരാരംഭിച്ചു







































