എടക്കര: കേരള, തമിഴ്‌നാട് ട്രാൻസ്‌പോർട് ബസുകൾ സർവീസ് പുനരാരംഭിച്ചു. ഇന്നലെ രാവിലെ 10.30ന് ആണ് കെഎസ്ആർടിസിയുടെ ആദ്യ ബസ് നാടുകാണി ചുരത്തിലൂടെ സംസ്‌ഥാന അതിർത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് ഗൂഡല്ലൂരിലേക്ക് തിരിച്ച ബസിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു. തുടർന്ന് കോയമ്പത്തൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള തമിഴ്‌നാട് ട്രാൻസ്‌പോർട് ബസുകളും സർവീസ് നടത്തി.
ഈ ബസിൽ നാൽപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇതോടെ കോവിഡ് പരിശോധനാ നിയന്ത്രണങ്ങൾ ഇല്ലാതെ പൊതുഗതാഗതം കോവിഡിന് മുമ്പത്തെ സ്‌ഥിതിയിലേക്ക് തിരിച്ചുവന്നു. കോവിഡിനെ തുടർന്ന് 2020 മാർച്ച് 23ന് ആണ് ഇരു സംസ്‌ഥാനങ്ങളിലേക്കുള്ള ബസുകൾ സർവീസ് നിർത്തിവെച്ചത്. ഇതിനിടയിൽ കെഎസ്ആർടിസി തമിഴ്‌നാട്ടിലേക്ക് സർവീസ് ആരംഭിക്കാൻ പലപ്പോഴായി ശ്രമം നടത്തിയെങ്കിലും തമിഴ്‌നാട് സർക്കാർ അനുമതി നൽകിയിരുന്നില്ല.
അതേസമയം, കൂടുതൽ കെഎസ്ആർടിസി ബസുകൾ അടുത്ത ദിവസം മുതൽ ഓടിത്തുടങ്ങും. ഇന്നലെ പെരിന്തൽമണ്ണ-ഗൂഡല്ലൂർ റൂട്ടിൽ രണ്ട് ബസുകളും, മലപ്പുറം-ഊട്ടി ബസുമാണ് സർവീസ് നടത്തിയത്. ഇന്ന് പെരിന്തൽമണ്ണ-ഗൂഡല്ലൂർ റൂട്ടിൽ ഒരു ബസ് കൂടി സർവീസ് നടത്തും. ബത്തേരി, കൽപ്പറ്റ, മൈസൂരു, ബെംഗളൂരു, ഊട്ടി റൂട്ടുകളിൽ ഒരാഴ്‌ചക്കുള്ളിൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Most Read: ബസ് ചാർജ് വർധന; സംസ്‌ഥാനത്ത് ഇന്ന് വിദ്യാർഥി സംഘടനകളുമായി ചർച്ച