കാസർഗോഡ്: ലൈംഗികാതിക്രമ പരാതിയിൽ കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപകനെതിരെ കേസ്. വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് കേസ്. സർവകലാശാല പോലീസിന് കൈമാറിയ വിദ്യാർഥികളുടെ പരാതിയിലാണ് ഇംഗ്ളീഷ് വിഭാഗം അധ്യാപകൻ ഇഫ്തിഖർ അഹമ്മദിനെതിരെ ബേക്കൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ടു അധ്യാപകനെ നേരത്തെ സർവകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പരീക്ഷക്കിടെ തലകറങ്ങി വീണ വിദ്യാർഥിനിയോട് ഉൾപ്പടെ ഇഫ്തിഖർ ലൈംഗികാതിക്രമം കാട്ടിയെന്നാണ് എംഎ ഇംഗ്ളീഷ് ഒന്നാം വർഷ വിദ്യാർഥികളുടെ പരാതി. ലൈംഗികാതിക്രമം നടത്തിയ 31 സംഭവങ്ങൾ എടുത്തുപറയുന്ന, ഏഴ് പേജുള്ള ദീർഘമായ പരാതിയിൽ ക്ളാസിലെ 41 വിദ്യാർഥികളിൽ 31 പേരും ഒപ്പിട്ടിരുന്നു.
നവംബർ 15ന് നൽകിയ പരാതി സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് കൈമാറിയിരുന്നു. ക്ളാസിൽ ഇംഗ്ളീഷ് കവിതകൾ വ്യാഖ്യാനിക്കുന്നതിനിടെ അധ്യാപകൻ ലൈംഗിക ചുവയുള്ള സംഭാഷണങ്ങൾ നടത്താറുണ്ടെന്നും അശ്ളീലം പറയാറുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. നവംബർ 13ന് ക്ളാസിൽ തലകറങ്ങി വീണ വിദ്യാർഥിനിയോടും ഇഫ്തിഖർ മോശമായി പെരുമാറിയതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
Most Read| ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി